പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരായ ജപ്തി തുടരുന്നു; നടപടികൾ ഇന്ന് പൂർത്തിയാകും

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. കഴിഞ്ഞ ദിവസം 14 ജില്ലകളിലായി 60ഓളം പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ ലാൻഡ് റവന്യൂ കമ്മീഷണര്‍ സമയപരിധി നൽകിയിരിക്കുന്നത്.

സ്വത്തുകണ്ടുകെട്ടിയതിന്‍റെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇത് റിപ്പോര്‍ട്ടായി ഹൈക്കോടതിയിൽ സമർപ്പിക്കും.സെപ്റ്റംബറിൽ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹര്‍ത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാനാണ് നേതാക്കളുടെ വീടും സ്ഥലങ്ങളും ജപ്തി ചെയ്യുന്നത്.

കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും വസ്തുവകകളും പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സി എ റഈഫിന്‍റെ പത്ത് സെന്‍റ് സ്ഥലവും ജപ്തി ചെയ്തു. ആലുവയിൽ 68 സെന്‍റിൽ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ പെരിയാര്‍ വാലി ട്രസ്റ്റ് ക്യാമ്പസിനും പിടി വീണു.

പാലക്കാട് 16ഉം വയനാട്ടിൽ 14ഉം ഇടത്ത് ജപ്തി നടന്നു. ഇടുക്കിയിൽ ആറും പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ രണ്ടും നേതാക്കളുടെ സ്വത്ത് വകകൾ ജപ്തി ചെയ്തു. കോഴിക്കോട് 16 പേര്‍ക്ക് നോട്ടീസ് നൽകി. എവിടെയും എതിര്‍പ്പുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!