കുഴിയിൽവീണ യുവാവിനെ രക്ഷിച്ചില്ല; എസ്.ഐ.ക്കെതിരേ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Share our post

കോഴിക്കോട്: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണനിലയിൽ കണ്ടെത്തിയ യുവാവിന്റെ ജീവൻ രക്ഷിക്കാൻ തയ്യാറാകാതിരുന്ന സബ് ഇൻസ്പെക്ടറുടെ പേരിൽ വകുപ്പുതല നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറിക്ക് നിർദേശം നൽകി. 2019 സെപ്റ്റംബർ 26- ന് ബാലുശ്ശേരി എസ്.ഐ.യായിരുന്ന വിനോദിന്റെ പേരിൽ നടപടിയെടുക്കാനാണ് ഉത്തരവ്.

എസ്.ഐ.യുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് കമ്മിഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. മാനുഷികമായ സമീപനമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, വിപിൻരാജ് രക്ഷപ്പെടുമായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു.ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനകം അറിയിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ബാലുശ്ശേരി ബസ്‌സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഉണ്ണികുളം എം.എം. പറമ്പ് സ്വദേശി വിപിൻരാജ് അപകടത്തിൽപ്പെട്ടത്. രാത്രി ഫോണിൽ സംസാരിച്ചുകൊണ്ട് കെട്ടിടത്തിലേക്ക് കയറിയപ്പോഴായിരുന്നു അപകടം.

ബാലുശ്ശേരി പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും വെള്ളക്കെട്ടിൽ കമിഴ്‌ന്നുകിടക്കുന്ന നിലയിൽക്കണ്ട വിപിൻ രാജിനെ രക്ഷപ്പെടുത്താൻ എസ്.ഐ. വിനോദ് തയ്യാറായില്ല. അവിടെ കൂടിയിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വിലക്കുകയും ചെയ്തു. വിപിൻരാജിന്റെ അമ്മ പ്രസന്നകുമാരി നൽകിയ പരാതിയിലാണ് നടപടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!