തലശേരി–മാഹി ബൈപാസ് സമയബന്ധിതമായി പൂർത്തിയാക്കണം

തലശേരി: തലശേരി–- മാഹി ബൈപാസ് കമീഷൻ ചെയ്യുന്നതിനുമുമ്പ് തെരുവുവിളക്കുകൾ ഉറപ്പാക്കണമെന്ന് സ്‌പീക്കർ എ .എൻ ഷംസീർ നിർദേശിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കണം. തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി അംഗീകാരത്തിന് സമർപ്പിച്ചതായി എൻ.എച്ച്.എ.ഐ പ്രതിനിധികൾ പറഞ്ഞു. എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും കരാറുകാരും പങ്കെടുത്ത അവലോകന യോഗം പ്രവർത്തന പുരോഗതി വിലയിരുത്തി.
റെയിൽവേ മേൽപാലത്തിനുള്ള ഗർഡറുകൾ നിർമിക്കുന്ന ചെന്നൈയിലെ ഫാക്ടറി 28, 29 തീയതികളിൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിക്കും. സാങ്കേതിക നടപടിയുടെ ഭാഗമായാണ് പരിശോധന. നേരത്തെ എൻ.എച്ച്എ.ഐ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. നെട്ടൂർ ബാലത്തിലെ പാലത്തിന്റെയും റോഡിന്റെയും പ്രവൃത്തി മാർച്ചിൽ പൂർത്തിയാകും.
റെയിൽവേ മേൽപാലം നിർമാണം പൂർത്തിയായാൽ ഏപ്രിലിൽ ബൈപാസ് തുറക്കും.ബൈപാസിൽ 19 സ്ഥലത്തായി സർവീസ് റോഡിന്റെ ചെറിയഭാഗങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതും സമയബന്ധിതമായ തീർക്കും. സർവീസ് റോഡിൽനിന്ന് നിലവിലുള്ള റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കും.
പി.ഡബ്ല്യു.ഡി റസ്‌റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പ്രൊജക്ട് ഡയറക്ടർ അഭിഷേക്, എൻജിനിയർ വിവേക് നായിഡു, ഇ. കെ. കെ കൺസ്‌ട്രക്ഷൻസ് ഡയറക്ടർ സച്ചിൻ മുഹമ്മദ്, ഇ .കെ .കെ വൈസ്‌പ്രസിഡന്റ് എം. പി സുരേഷ്, പ്രൊജക്ട് മാനേജർ അനിൽകുമാർ, ഓപ്പറേഷൻസ് എൻജിനിയർ അതുൽ എസ് .കുമാർ എന്നിവരും പങ്കെടുത്തു.