അർബൻ നിധി നിക്ഷേപ തട്ടിപ്പ്; കോഴിക്കോട്ട് കേസ് ക്രൈംബ്രാഞ്ചിന് കണ്ണൂരിൽ പ്രത്യേക സംഘം

കണ്ണൂർ: അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ, റിമാൻഡിലുള്ള 3 പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിൽ റിമാൻഡിലുള്ള കെ.എം.ഗഫൂർ, മേലേടത്ത് ഷൗക്കത്തലി, സി.വി.ജീന എന്നിവരെയാണു കസ്റ്റഡിയിൽ വാങ്ങുക.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഇന്നലെ ഇവരെ പ്രതി ചേർത്തിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി ഇന്നലെ ഉത്തരമേഖലാ ഐജി നീരജ് കുമാർ ഗുപ്തയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. നിലവിലുള്ള പ്രത്യേക സംഘം തന്നെ കേസ് അന്വേഷണം തുടരാനാണു തീരുമാനം.
അതേസമയം, നിക്ഷേപത്തട്ടിപ്പു കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാത്തതു കൂടുതൽ ആശയക്കുഴപ്പത്തിലേക്കു നയിക്കുന്നതായി സൂചനയുണ്ട്. ടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അർബൻ നിധിയുടെയും എനി ടൈം മണിയുടെയും ഓഫിസുകൾ ഇതിനകം സീൽ ചെയ്യുകയും കംപ്യൂട്ടറുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്.
അതേസമയം, കോഴിക്കോട് സിറ്റിയിൽ റജിസ്റ്റർ ചെയ്ത 5 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ഇവയിലും കണ്ണൂർ, സിറ്റി പൊലീസ് ജില്ലകളിലെ ഇതര സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലും അന്വേഷണം നടത്തുമ്പോൾ വിശദാംശങ്ങൾ ലഭിക്കുന്നതിനും പരിശോധനയ്ക്കും ഇതു തടസ്സമുണ്ടാക്കും.
ജില്ലയിലെ ഇതര സ്റ്റേഷനുകളിലെ കേസുകൾ ടൗൺ സ്റ്റേഷനിലേക്കു മാറ്റണോയെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല. മറ്റിടങ്ങളിലെ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്, ടൗൺ സ്റ്റേഷനിലെ കേസിൽ ഇതുവരെ സമാഹരിച്ച വിവരങ്ങളുടെയും വിശദാംശങ്ങളുടെയും സർട്ടിഫൈഡ് കോപ്പി കോടതി വഴി വാങ്ങേണ്ടി വരും.
ഒരേ പ്രതികൾക്കെതിരെ വിവിധ തലങ്ങളിൽ അന്വേഷണം നടക്കുന്നതും വിശദാംശങ്ങളിൽ വൈരുധ്യമുണ്ടാകാനും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുമൊക്കെ ഇടയാക്കുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്. മാത്രമല്ല, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല.
പ്രധാന പ്രതിയായ ആന്റണിക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടിസ് നൽകുന്നതിനുള്ള നടപടിയുമായിട്ടില്ല. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്താൽ, ഒറ്റ ഏജൻസിയെന്ന നിലയിൽ കൂടുതൽ ഏകോപനത്തോടെയുള്ള അന്വേഷണം സാധ്യമാകുമെന്നു പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.