‘മരിച്ചിട്ട് പാർട്ടിപതാക പുതപ്പിക്കാൻ വരേണ്ട’: 82 ലക്ഷം നിക്ഷേപിച്ചു, ഇപ്പോൾ ചികിത്സയ്ക്കു വകയില്ല

തൃശൂർ∙ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപിച്ച സിപിഎം പ്രവര്‍ത്തകന്‍ ചികില്‍സയ്ക്കു പണമില്ലാതെ വലയുന്നു. മരിച്ച ശേഷം ആരും പാര്‍ട്ടി പതാക പുതപ്പിക്കാന്‍ വീട്ടിലേക്കു വരേണ്ടെന്ന് കാട്ടി തൃശൂര്‍ മാപ്രാണം സ്വദേശിയായ സി.പി.എം പ്രവർത്തകൻ ജോഷി ആന്റണി ബാങ്കിന് കത്തെഴുതി.
പക്ഷാഘാതം ബാധിച്ച് ചികില്‍സയിലാണ് ജോഷി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ചെവിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഇനിയും ശസ്ത്രക്രിയ വേണം. ബാങ്കിനെ സമീപിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്നായി.
സ്വന്തം കാശ് ബാങ്കിലുണ്ടായിട്ടും ചികില്‍സയ്ക്കു പണമില്ലാതെ വലയേണ്ട നിസഹായവസ്ഥ. പ്രതിസന്ധി ചൂണ്ടിക്കാട്ടി ബാങ്കിന് കത്തെഴുതി. പത്തു ലക്ഷം രൂപ നല്‍കാമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. ചികില്‍സയ്ക്കു ഈ തുകയും മതിയാകില്ല.
ചികില്‍സയ്ക്കായി അവസാനം ഇരുപതു ലക്ഷം രൂപ പലിശയ്ക്കു വായ്പയെടുത്തു. പ്രതിമാസം വലിയ തുക പലിശ നല്‍കണം. ബാങ്കിലെ നിക്ഷേപ തുക മുഴുവന്‍ കിട്ടാതെ പ്രതിസന്ധി തീരില്ല. ജോഷിയെ പോലെ ഇനിയും ഏറെ നിക്ഷേപകര്‍ തുക തിരിച്ചുകിട്ടാതെ നെട്ടോട്ടമോടുകയാണ്.