അജൈവ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും കലക്ടറേറ്റില്‍ മാതൃക പദ്ധതി

Share our post

കണ്ണൂര്‍:കലക്ടറേറ്റിലെയും സിവില്‍ സ്റ്റേഷനിലെയും ഓഫീസുകളിലെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റല്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് മിഷന്റെ അംഗീകാരം ലഭിച്ച ‘നെല്ലിക്ക’ ആപ്പ് ഉപയോഗിച്ചാണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നത്.

മാലിന്യ ശേഖരണം സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷിക്കാനും വിലയിരുത്താനും ആപ്പിലൂടെ സാധിക്കും. ഓരോ ഓഫീസിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ജീവനക്കാരുടെ ഭക്ഷണാവശിഷ്ടം ഉള്‍പ്പെടെയുള്ള ജൈവ മാലിന്യ സംസ്‌കരണത്തിന് തുമ്പൂര്‍മുഴി മാതൃകയിലുള്ള ജൈവ കമ്പോസ്റ്റ് സംവിധാനം കലക്ടറ്റേറ്റില്‍ ഒരുക്കും.

ഇതിന് പുറമെ വിവിധ വകുപ്പ് ഓഫീസുകളുടെ നേതൃത്വത്തില്‍ കലക്ടറ്റേറ് അങ്കണത്തില്‍ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കും. ഓഫീസുകള്‍ സംബന്ധിച്ച ദിശാ ബോര്‍ഡുകളും സ്ഥാപിക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരം തിരിക്കാന്‍ ക്ലീന്‍ കേരള കമ്പനി സ്ഥാപിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

ശുചിത്വ മാതൃക കലക്ടറ്റേറ് ഒരുക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിലെ പാര്‍ടൈം കണ്ടിജന്‍സി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലന പരിപാടി എ. ഡി.എം കെ .കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ. കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, സര്‍ജന്റ് പ്രേമന്‍, നിര്‍മ്മല്‍ ഭാരത് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!