വ്യാജ വാർത്തകൾ കേന്ദ്രസർക്കാറിന് ഒറ്റക്ക് നിശ്ചയിക്കാനാവില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ്

Share our post

ന്യൂഡൽഹി: ഐ.ടി നിയമത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഭേദഗതിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്ന് അറിയിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ കമ്പനികൾ ഒഴിവാക്കണമെന്ന ഭേദഗതിയാ​ണ് കേന്ദ്രസർക്കാർ ഐ.ടി നിയമത്തിൽ വരുത്താനൊരുങ്ങുന്നത് ഇതിനെതിരെയാണ് എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തിയത്.

ഡിജിറ്റൽ മീഡിയക്കുള്ള നിയമം കൊണ്ട് വരും മുമ്പ് മാധ്യമ സംഘടനകൾ, മാധ്യമസ്ഥാപനങ്ങൾ മറ്റ് പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. വ്യാജ വാർത്തകൾ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിന് മാത്രമായി നൽകാനാവില്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. അങ്ങനെയുണ്ടായാൽ അത് മാധ്യമങ്ങളെ സെൻസർഷിപ്പ് ചെയ്യുന്നതിന് തുല്യമാകുമെന്നും എഡിറ്റേഴ്സ് ഗിൽഡ് അറിയിച്ചു.

വ്യാജ വാർത്തകളെ നേരിടാൻ നിലവിൽ പല നിയമങ്ങളുമുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തകർക്കുന്നതാണ് പുതിയ ഭേദഗതി. പ്രസ് ഇൻഫർമേഷൻ ബ്യൂറോക്കോ കേന്ദ്രസർക്കാർ വ്യാജ വാർത്തകൾ പരിശോധിക്കാൻ നിശ്ചയിക്കുന്ന ഏജൻസിക്കോ പൂർണമായും അധികാരം നൽകുന്നതാണ് പുതിയ ഭേദഗതിയെന്നും എഡിറ്റേഴ്സ് ഗിൽഡ് പറയുന്നു.

നിലവിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതികൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് നിയമത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!