കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സി.പി.എം; പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് ജോസിൻ ബിനോ സ്ഥാനാർഥി

പാല: കേരള കോൺഗ്രസിന് സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കി സി.പി.എം. പാല നഗരസഭ അധ്യക്ഷസ്ഥാനത്തേക്ക് സി.പി.എം സ്ഥാനാർഥിയായി ജോസിൻ ബിനോയെ തീരുമാനിച്ചു. ബിനു പുളിക്കക്കണ്ടത്തെ സ്ഥാനാർഥിയായി പരിഗണിച്ചില്ല. ബിനുവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
സി.പി.എം ചെയര്മാന് സ്ഥാനത്തേക്ക് ബിനു പുളിക്കക്കണ്ടത്തെയാണ് ആദ്യം പരിഗണിച്ചത്. എന്നാൽ, കേരള കോണ്‍ഗ്രസ് എം നേതൃത്വം ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു.
തങ്ങളുടെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ആരുടെയും ശിപാർശ വേണ്ടെന്ന് സി.പി.എം വ്യക്തമാക്കിയതോടെ ഇത് ഇരുപാർട്ടികൾക്കുമിടയിലുള്ള തർക്കമായി രൂപപ്പെട്ടു.
ഇതിനിടെ സി.പി.എമ്മിലും തർക്കങ്ങൾ ഉടലെടുത്തു. ബുധനാഴ്ച വൈകീട്ട് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാനായിരുന്ന ആദ്യ തീരുമാനം. എന്നാല്‍, തര്‍ക്കത്തില്‍ പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇന്ന് നടന്ന യോഗത്തിനൊടുവിൽ ജോസിൻ ബിനുവിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.