കൊയപ്പ സെവൻസിന് 22ന് പന്തുരുളും

കൊടുവള്ളി; സ്വർണനഗരിയിൽ 38 –-ാമത് കൊയപ്പ ഫുട്‌ബോൾ ടൂർണമെന്റ് 22ന് തുടങ്ങും. സെവൻസ് ഫുട്ബോളിലെ ലോകകപ്പെന്ന് വിളിപ്പേരുള്ള ടൂർണമെന്റിന് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും ആരവം ഉയരുന്നത്.വർഷങ്ങളോളം സെവൻസ് സംഘടിപ്പിച്ച ലൈറ്റിനിങ് ക്ലബ്ബാണ് ഇത്തവണയും മുഖ്യ സംഘാടകർ. കൊയപ്പ അയമ്മദ് കുഞ്ഞിയുടെ സ്മരണാർഥം പൂനൂർ പുഴയോരത്തെ ചെറിയ മൈതാനത്ത് തുടങ്ങിയ ടൂർണമെന്റിൽ ഐ. എം വിജയൻ, ജോപാൾ അഞ്ചേരി, ആസിഫ് സഹീർ, ഉസ്മാൻ തുടങ്ങിയ പ്രമുഖർ ബൂട്ടണിഞ്ഞിട്ടുണ്ട്.
22ന് ആരംഭിച്ച് ഫെബ്രുവരി 17 വരെ നീളുന്ന മത്സരത്തിൽ കെആർഎസ് കോഴിക്കോട്, ഫിഫ മഞ്ചേരി, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, ജവഹർ മാവൂർ, ഉഷ എഫ്സി, സെബാൻ കോട്ടയ്ക്കൽ, ഫിറ്റ് വെൽ കോഴിക്കോട്, അൽ മദീന ചെറുപ്പുളശേരി, കെഎഫ്സി കാളിക്കാവ്, ടൗൺ ടീം അരീക്കോട്, കെ.എം.ജി മാവൂർ, എഫ്.സി അമ്പലവയൽ, റോയൽ ട്രാവൽസ് കാലിക്കറ്റ്, സൂപ്പർ സ്‌റ്റുഡിയോ മലപ്പുറം, എവൈസി ഉച്ചാരക്കടവ്, ജിംഖാന തൃശൂർ, മൈഡിഗാർഡ് അരീക്കോട്, അൽമിൻഹാർ വളാഞ്ചരി തുടങ്ങി 24 ടീമുകൾ മാറ്റുരക്കും.
അംഗപരിമിതർക്ക്
പ്രത്യേക
ഇരിപ്പിടം
സ്‌ത്രീകൾക്കും അംഗപരിമിതർക്കും പ്രത്യേക ഇരിപ്പിടം ഒരുക്കും. ഒന്നിടവിട്ടുളള ദിവസങ്ങളിൽ ലഹരിവിരുദ്ധ ഫ്ലാഷ്‌മോബുകളും ശനി വൈകിട്ട് നാലിന് വിളംബര ജാഥയുമുണ്ടാവും. ഒരു ടീമിൽ മൂന്ന് വിദേശകളിക്കാരാവാം. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വെളളറ അബ്ദു, കൺവീനർ പി .കെ അബ്ദുൾ വഹാബ്, ട്രഷറർ കെ ഷറഫുദ്ദീൻ, ക്ലബ് ഭാരവാഹികളായ ഫൈസൽ മാക്‌സ്, സി കെ ജലീൽ, നജു തങ്ങൾസ്, പി .ടി .എ ലത്തീഫ്, കെ. കെ സുബൈർ എന്നിവർ പങ്കെടുത്തു.