യുവതിയെന്ന് പറഞ്ഞ് എഫ്.ബിയിലൂടെ അടുപ്പംസ്ഥാപിച്ചു; നഗ്നചിത്രം കൈക്കലാക്കി 12 ലക്ഷംതട്ടി, പിടിയില്‍

കോട്ടയം: യുവതിയെന്ന് പരിചയപ്പെടുത്തി ഫെയ്സ്ബുക്കിലൂടെ അടുപ്പംസ്ഥാപിച്ച് യുവാക്കളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവനില്‍ എസ്. വിഷ്ണു (25)വിനെയാണ് കോട്ടയം സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്. കോട്ടയം കടുത്തുരുത്തി സ്വദേശിയെ 2018 മുതല്‍ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും വിലകൂടിയ മൊബൈല്‍ ഫോണും അനുബന്ധ സാധനങ്ങളും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
സ്ത്രീയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. ഉണ്ടാക്കി കോട്ടയത്തെ യുവാവിന് സന്ദേശം അയയ്ക്കുകയും അടുപ്പംസ്ഥാപിക്കുകയുമായിരുന്നു. പിന്നീട് യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷ്ണു, സ്ത്രീയുടെ നഗ്‌നവീഡിയോകളും ഫോട്ടോകളും അയച്ചുകൊടുത്ത് യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി.
ഈ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയ യുവാവ് പലപ്പോഴായി 12 ലക്ഷം രൂപ നല്‍കി. കഴിഞ്ഞദിവസം 15 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കി.
സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെയ്സ്ബുക്കിലെ സ്ത്രീയുടെ ഐ.ഡി., യുവാവാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. പണം നല്‍കാന്‍ താമസിച്ചതോടെ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി.
20 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് സൈബര്‍ പോലീസ് യുവാവിനെ തിരുവനന്തപുരം കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. യുവതികളുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് അവരുടെ നഗ്‌നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തില്‍ ഒട്ടേറെയാളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി.എം.വര്‍ഗീസ്, സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജഗദീഷ്, എസ്.ഐ. ജയചന്ദ്രന്‍, എ.എസ്.ഐ. സുരേഷ് കുമാര്‍, സി.പി.ഒ.മാരായ രാജേഷ് കുമാര്‍, ജോര്‍ജ് ജേക്കബ്, അജിത പി. തമ്പി,സതീഷ് കുമാര്‍, ജോബിന്‍സ്, അനൂപ്, സുബിന്‍, കിരണ്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ബുധനാഴ്ച കോട്ടയത്ത് കോടതിയില്‍ ഹാജരാക്കും.