വിമാനത്തിന്റെ വാതില്‍ തുറന്നത് ബി.ജെ.പി നേതാവെന്ന് ആരോപണം; പേര് പുറത്തുവിടാതെ അന്വേഷണം

Share our post

ചെന്നൈ: പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ അടിയന്തരവാതിൽ തുറന്നത് ബി.ജെ.പി. യുവമോർച്ചാ നേതാവ് തേജസ്വി സൂര്യയെന്ന് ആരോപണം. ചെന്നൈ വിമാനത്താവളത്തിൽവെച്ച് ഡിസംബർ 10-നായിരുന്നു സംഭവം.

ഇൻഡിഗോ വിമാനത്തിന്റെ വാതിൽതുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് കർണാടകത്തിലെ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയെന്ന് പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും ആരോപിച്ചു.അതെസമയം സംഭവത്തെക്കുറിച്ച് വ്യോമയാന അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോവാനൊരുങ്ങുകയായിരുന്ന വിമാനം നീങ്ങിത്തുടങ്ങുമ്പോഴായിരുന്നു വാതില്‍ തുറന്നത്.

യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാൽ അടിയന്തരവാതിൽ തുറക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ചും എയർ ഹോസ്റ്റസ് വിശദീകരിച്ചുകഴിഞ്ഞപ്പോഴാണ് അടിയന്തരവാതിലിന്റെ സമീപമിരുന്ന തേജസ്വി സൂര്യ അത് തുറന്നത് എന്നാണ് ആരോപണം. ഉടൻതന്നെ യാത്രക്കാരെയെല്ലാം പുറത്തുള്ള ബസ്സിലേക്ക് മാറ്റി സുരക്ഷാഭടൻമാർ പരിശോധനനടത്തി. രണ്ടുമണിക്കൂറുകഴിഞ്ഞാണ് വിമാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തി യാത്ര തുടങ്ങിയത്.

ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കൊപ്പമാണ് തേജസ്വി സൂര്യ വിമാനത്തിൽ കയറിയതെന്ന് സഹയാത്രികർ പറയുന്നു. അബദ്ധം മനസ്സിലായപ്പോൾ അദ്ദേഹം ക്ഷമാപണം നടത്തി. വിമാനാധികൃതർ അത് എഴുതിവാങ്ങിച്ചു. തേജസ്വി സൂര്യയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയശേഷമാണ് യാത്ര പുനരാരംഭിച്ചത്. അദ്ദേഹത്തിനെതിരേ മറ്റുനടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.

സംഭവംനടന്ന് ഒരു മാസത്തിനുശേഷം ചൊവ്വാഴ്ചയാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) ഇത് സ്ഥിരീകരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. വാതിൽ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡി.ജി.സി.എ.യോ ഇൻഡിഗോ അധികൃതരോ പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തേജസ്വി സൂര്യ തയ്യാറായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!