വാട്ടർ അതോറിറ്റിയുടെ കുടിശ്ശിക നോട്ടീസിൽ അന്ധാളിച്ച് കുടുംബം

തലശ്ശേരി: മാസങ്ങൾ മാത്രം ഉപയോഗിച്ച വെള്ളത്തിന് 23,252 രൂപയുടെ കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിയുടെ നോട്ടീസ്.
റിട്ട. അധ്യാപകൻ പാലയാട് വ്യവസായ എസ്റ്റേറ്റ് പരിസരത്തെ ദേവിയിൽ എൻ. പ്രേമരാജനാണ് വാട്ടർ അതോറിറ്റിയുടെ ഷോക്കടിപ്പിക്കുന്ന നോട്ടീസ് ലഭിച്ചത്. 23,252 രൂപ കുടിശ്ശിക വന്നിരിക്കയാൽ നോട്ടീസ് ലഭിച്ച് അഞ്ചുദിവസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുകയും റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഒമ്പത് മാസം മുമ്പും ഇതുപോലെ വാട്ടർ അതോറിറ്റിയുടെ നോട്ടീസ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് മാസം മുതൽ ഇദ്ദേഹം വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളം ഉപയോഗിക്കുന്നില്ല. കണക്ഷൻ വേണ്ടെന്ന് അറിയിച്ചിട്ടും വിഛേദിക്കാൻ കൂട്ടാക്കാത്ത വാട്ടർ അതോറിറ്റിക്കാർ ദ്വൈമാസ ബിൽ കുടുംബത്തിന് എത്തിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലാണ് റവന്യൂ റിക്കവറി നടപടികൾ കാണിച്ച് നോട്ടീസ് നൽകിയത്.
നോട്ടീസിന് അഭിഭാഷകൻ മുഖേന മറുപടി അയച്ചതായും പത്മരാജൻ പറഞ്ഞു.