പയ്യന്നൂർ നഗരസഭ വാതക ശ്മശാനം ഉദ്ഘാടനം നാളെ

പയ്യന്നൂർ: നഗരസഭ മൂരിക്കൊവ്വലിൽ നിർമ്മിച്ച വാതക ശ്മശാനം (ഗ്യാസ് ക്രിമിറ്റോറിയം ) നാളെ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ കെ.വി. ലളിത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
67, 70, 000 ലക്ഷം രൂപ ചെലവിൽ 1767 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ശ്മശാനത്തിൽ 28 ലക്ഷം രൂപ ചെലവിൽ സ്റ്റീൽ ഇൻവെസ്റ്റേഴ്സ് കേരളയാണ് ഗ്യാസ് ജനറേറ്ററും ഫർണസും മറ്റും ഒരുക്കിയത്.
ശവ ദാഹവുമായി എത്തുന്നവർക്ക് ഇരിക്കാനും മറ്റുമായി പ്രത്യേകം കെട്ടിടം, ഇന്റർലോക്ക് ചെയ്ത് സുന്ദരമാക്കിയ മുറ്റം, വെയിലും മഴയും കൊള്ളാതെ മുഴുവനായി ഷീറ്റ് മേഞ്ഞ മേൽക്കൂര, അനുശോചനയോഗവും മറ്റും നടത്താനുള്ള വേദി, ഇരിപ്പിടങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പയ്യന്നൂരിലെ ഒരു കൂട്ടം കലാകാരൻമാർ ചുമർ ചിത്രങ്ങൾ വരച്ച് കെട്ടിടം മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
പൊതുവിഭാഗത്തിൽ ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 3500 രൂപയും പിന്നാക്ക വിഭാഗം, ബി.പി.എൽ. വിഭാഗക്കാർക്ക്3000 രൂപയുമാണ് ചാർജ് കണക്കാക്കിയിട്ടുള്ളത്.ശ്മശാനത്തിന്റെ നടത്തിപ്പ് നഗരസഭ നേരിട്ടാണ് നിർവ്വഹിക്കുന്നത്. മറ്റ് പൊതു ശ്മശാനങ്ങൾ അതേപടി നില നിർത്തിക്കൊണ്ടാണ് പുതുതായി വാതക ശ്മശാനം കൂടി നിർമ്മിച്ചിട്ടുള്ളത്.
വാർത്താ സമ്മേളനത്തിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി. ജയ , വി. ബാലൻ, ടി. വിശ്വനാഥൻ, വി.വി. സജിത, സെക്രട്ടറി എം.കെ. ഗിരീഷ്, എൻജിനിയർ കെ. ഉണ്ണി, സൂപ്രണ്ടുമാരായ കെ. ഹരിപ്രസാദ്., എ. ആന്റണി, ഹെൽത്ത് ഇൻസ്പെക്ടർ സി.സുരേഷ് തുടങ്ങിയവരും സംബന്ധിച്ചു.