കലക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം തുടങ്ങി

Share our post

കണ്ണൂർ: കലക്ടറേറ്റിൽ ജീവനക്കാർക്കായി ബയോമെട്രിക് പഞ്ചിങ് സംവിധാനം തുടങ്ങി. ഇന്നലെ രാവിലെ കലക്ടർ എസ്.ചന്ദ്രശേഖർ പഞ്ചിങ് യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ഡെപ്യൂട്ടി കലക്ടറർമാരായ ടി.വി.രഞ്ജിത്ത്(എൽഎ), പി.ആർ.ഷൈൻ(ആർആർ), ഹുസൂർ ശിരസ്തദാർ പി.പ്രേംരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് മറ്റ് ജീവനക്കാരും പഞ്ച് ചെയ്ത് ജോലിയിൽ പ്രവേശിച്ചു.

ആദ്യഘട്ടത്തിൽ കലക്ടറുടെ ഓഫിസിലെ 200 ജീവനക്കാരാണ് പഞ്ചിങ്ങിന്റെ ഭാഗമായത്. ഓഫിസിൽ കയറുമ്പോഴും ജോലി കഴിഞ്ഞിറങ്ങുമ്പോഴും പഞ്ചിങ് നിർബന്ധമാണ്. ഒന്നാംഘട്ടത്തിൽ 5 യന്ത്രങ്ങളാണ് കലക്ടറേറ്റിൽ സ്ഥാപിച്ചത്. ഹാജർ റജിസ്ട്രേഷൻ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. സമീപ ഭാവിയിൽ ജീവനക്കാരുടെ സേവന വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാർക്കുമായി ഇത് ബന്ധിപ്പിക്കും.

കലക്ടറേറ്റിലും അനക്സിലും പഞ്ചിങ് സജ്ജമാക്കാൻ 19 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കെൽട്രോണിനാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. കലക്ടറേറ്റിൽ സംവിധാനം ഏർപ്പെടുത്തിയ ശേഷം രണ്ടാം ഘട്ടത്തിൽ ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കും.

ഇതിനൊപ്പം തളിപ്പറമ്പ് ആർ‍ഡിഒ ഓഫിസ്, തലശ്ശേരി സബ് കലക്ടർ ഓഫിസ് എന്നിവിടങ്ങളിലും നടപ്പാക്കും. മൂന്നാം ഘട്ടത്തിൽ വില്ലേജ് ഓഫിസുകൾ ഉൾപ്പെടെ സബ് ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തും. അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാർച്ച് 31നു മുൻപായി ഇതു പൂർണതോതിൽ നടപ്പാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!