പാല്‍ പരിശോധനയില്‍ ഏറ്റുമുട്ടി ക്ഷീര, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ; തർക്കം തുടരുന്നു

കൊല്ലം∙ ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിലെ പരിശോധനയിൽ ക്ഷീര വികസന വകുപ്പ് പാൽ പിടികൂടിയത് സംബന്ധിച്ച് ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തമ്മിലുളള തര്‍ക്കം തുടരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനേക്കാള്‍ പരിശോധന നടത്താനുളള സംവിധാനം ക്ഷീര വിസന വകുപ്പിനാണെന്നും മായം ചേര്‍ക്കുന്ന പാല്‍ കമ്പനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയെടുക്കുന്നില്ലെന്നും ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയായ ഡെയറി ഒാഫിസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
‘‘മീനാക്ഷിപുരം ചെക്പോസ്റ്റിൽ യൂറിയ കലർന്ന പാൽ പിടികൂടിയെങ്കിലും നടപടി ഉണ്ടായില്ല. 2021ൽ മായം കലർന്ന നാലു പാൽ സാംപിൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെങ്കിലും മാസങ്ങൾക്ക് ശേഷമാണ് പരിശോധന ഫലം ലഭിച്ചത്. ക്ഷീര വികസന വകുപ്പിന് ഭക്ഷ്യസുരക്ഷാ അധികാരം നൽകണമെന്ന വിവിധ കമ്മിഷൻ റിപ്പോർട്ടുകൾ ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല’’– സംഘടന കുറ്റപ്പെടുത്തി.
ആര്യങ്കാവില്‍ പിടികൂടിയ പാലില്‍ മായമുണ്ടായിരുന്നില്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്ഷീര വികസന വകുപ്പിന്റെ പരിശോധനാഫലം കൃത്യമാണ്. ആറുമണിക്കൂറിനകം പരിശോധിച്ചില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ല. പരിശോധനാ റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആര്യങ്കാവിൽ പാലുമായി വന്ന ടാങ്കർ ലോറി വിട്ടു കിട്ടുന്നതിന് ഉടമ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിലെ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടതോടെ ഭക്ഷ്യസുരക്ഷ വകുപ്പിന് വാഹനവും പാലും കൈമാറിയിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിലെ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉള്ളതായി തെളിഞ്ഞില്ല. ഇതോടെയാണ് ടാങ്കർ ഉടമ കോടതിയെ സമീപിച്ചത്.
അതിനിടെ, ടാങ്കർ ലോറിയിൽ ചോര്‍ച്ച കണ്ടെത്തി. സമ്മര്‍ദം മൂലം ടാങ്കര്‍ പൊളിഞ്ഞതെന്നാണ് നിഗമനം. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു ദിവസം മുന്‍പാണ് ലോറി പിടിച്ചെടുത്തത്. തെന്‍മല പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് ലോറി സൂക്ഷിച്ചിരിക്കുന്നത്.