അര്‍ബന്‍ നിധി തട്ടിപ്പ്: ഓഫീസ് മോടിപിടിപ്പിച്ചത് അഞ്ചു കോടിക്ക്; പ്രതികളുടേത് ആഡംബരവീടുകള്‍

കണ്ണൂര്‍: നിക്ഷേപകരുടെ പണം ഉപയോഗിച്ച് അര്‍ബന്‍ നിധി തട്ടിപ്പ് കേസിലെ പ്രതികള്‍ നയിച്ചത് അത്യാഡംബര ജീവിതവും വന്‍ ധൂര്‍ത്തും. താവക്കരയിലുള്ള ഓഫീസിലെ ആര്‍ഭാടം കണ്ട് പോലീസ് ഉദ്യോഗസ്ഥര്‍പോലും ഞെട്ടി. ഓഫീസ് മോടികൂടാനും സാധനങ്ങള്‍ വാങ്ങിനിറയ്ക്കാനുമായി അഞ്ചുകോടിയിലധികം രൂപ ചെലവഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഓഫീസിലെ എല്ലാ മുറികളും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. 51 കസേര, 31 എക്‌സിക്യുട്ടീവ് ചെയര്‍, 13 ലാന്‍ഡ്‌ഫോണ്‍, 790 കവര്‍ പൊട്ടിക്കാത്ത സ്വെയിപ്പിങ് മെഷിന്‍, മൂന്നരലക്ഷം രൂപയുടെ ടിഷ്യുപേപ്പര്‍, 16 സി.സി.ടി.വി. ക്യാമറകള്‍, 36 ലാപ്ടോപ്പ്, 15 മേശ, തുടങ്ങി വിലകൂടിയ ഒട്ടേറെ സാധനങ്ങള്‍ ഓഫീസിലേക്ക് വാങ്ങിക്കൂട്ടി.
ജീവനക്കാര്‍ക്ക് വന്‍ ശമ്പളവും നല്‍കി. നിക്ഷേപകരെ കമ്പനിയുമായി അടുപ്പിക്കുന്ന ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും നല്‍കി. അസി. ജനറല്‍ മാനേജര്‍ സി.വി. ജീനയ്ക്ക് 92,000 രൂപയാണ് ശമ്പളം നല്‍കിയത്. മറ്റുള്ള ഓഫീസ് ജീവനക്കാര്‍ക്ക് 40,000 രൂപയും നല്‍കി. ഡയറക്ടര്‍മാര്‍ക്ക് ഒരുലക്ഷം രൂപ ശമ്പളവും മുഴുവന്‍ ചെലവും കമ്പനിയാണ് വഹിച്ചത്.
പ്രതികളായ കെ.എം. ഗഫൂറിനെ തൃശ്ശൂര്‍ വരവൂരിലെ വീട്ടിലും ഷൗക്കത്തലിയെ ചങ്ങരംകുളത്തെ വീട്ടിലും തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇവരുടെ ആഡംബരജീവിതം പുറത്തറിഞ്ഞത്. ഇരുവര്‍ക്കും രണ്ടുനിലയുള്ള രണ്ട് സ്വിമ്മിങ് പൂളുകളുള്ള ആഡംബരവീടും സ്ഥലവുമുണ്ട്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റ്, വീട്ടുജോലിക്കാര്‍, ആഡംബര കാറുകള്‍, സുരക്ഷാജീവനക്കാര്‍ തുടങ്ങി സുഖലോലുപതയിലായിരുന്നു ജീവിതം.
എന്നാല്‍ വീടും സ്ഥലവും ബന്ധുക്കളുടെ പേരില്‍ മാറ്റിയിരുന്നു. ഷൗക്കത്തലി ഭാര്യയുടെ സഹോദരിയുടെ പേരിലും ഗഫൂര്‍ അടുത്ത ബന്ധുവിന്റെ പേരിലുമാണ് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മാറ്റിയത്. ഇതോടെ നിക്ഷേപത്തട്ടിപ്പിന് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. രഹസ്യ ബാങ്കിടപാടുകള്‍, കമ്പനിയുടെ ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് കണ്ടെടുത്തു.