നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നു പണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടുകാൽ, പയറ്റുവിള, ഉള്ളൂർവിളാകം ഊരൂട്ടുവിള ക്ഷേത്രത്തിനു സമീപം ജെ.കെ.ഭവനിൽനിന്ന് തൊഴുക്കൽ തോട്ടത്തുവിളാകത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജയൻ എന്ന ജിജിൻ(30) ആണ് അറസ്റ്റിലായത്.
ജനറൽ ആസ്പത്രിയിലെ മൂന്നാം വാർഡിൽ ചികിത്സതേടിയ വാഴിച്ചൽ, മൈലച്ചൽ സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നുമാണ് പണം പ്രതി മോഷ്ടിച്ചത്. ഈ മാസം ഒന്നിന് വെളുപ്പിന് 2.30-നാണ് മോഷണം നടന്നത്. ഇവർ ഉറങ്ങിക്കിടന്നപ്പോൾ ബാഗിൽനിന്നു പ്രതി 30,980 രൂപ മോഷ്ടിച്ചു. തുടർന്ന് ഇവർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സി.സി.പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിനു പ്രതിയുടെ പേരിൽ കേസുണ്ട്. എസ്.ഐ. എസ്.ശശിഭൂഷൻനായർ, എ.എസ്.ഐ. സെബാസ്റ്റ്യൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുരക്ഷയില്ലാതെ നെയ്യാറ്റിൻകര ജനറൽ ആസ്പത്രി
നെയ്യാറ്റിൻകര: മോഷണം, പിടിച്ചുപറി, കൈയേറ്റം, മദ്യപാനം അങ്ങനെ എന്തും നെയ്യാറ്റിൻകര ജനറൽ ആസ്പത്രി വളപ്പിൽ നടക്കും. എന്നാൽ, ഇവ തടയുന്നതിനുള്ള സുരക്ഷാസംവിധാനം ശക്തിപ്പെടുത്താൻമാത്രം അധികൃതർ തയ്യാറാകുന്നില്ല. പോലീസ് എയ്ഡ്പോസ്റ്റുണ്ടെങ്കിലും ഡ്യൂട്ടിക്ക് പോലീസുകാരില്ലാത്തതിനാൽ ഏതുനേരവും എയ്ഡ്പോസ്റ്റ് പൂട്ടിയിടുകയാണ് പതിവ്.
നാനൂറിലേറെ കിടക്കകളുള്ളതാണ് നെയ്യാറ്റിൻകര ജനറൽ ആസ്പത്രി. മികച്ച ചികിത്സ ആസ്പത്രിയിൽനിന്നു ലഭിക്കുമ്പോഴും ഇവിടെ എത്തുന്ന രോഗികളോ, കൂട്ടിരിപ്പുകാരോ സുരക്ഷിതരല്ല. കഴിഞ്ഞമാസം ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ മാല മോഷ്ടാവ് പിടിച്ചുപറിച്ചിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് മോഷ്ടാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഈ മാസം ഒന്നാംതീയതിയാണ് പുലർച്ചെ മൈലച്ചൽ സ്വദേശിനിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്ന് മുപ്പതിനായിരത്തിലേറെ രൂപ മോഷണം പോയത്. ആസ്പത്രിയിലെ വാർഡിൽ പ്രവേശിച്ച രോഗിയോടൊപ്പമുണ്ടായിരുന്ന കൂട്ടിരിപ്പുകാരിയിൽനിന്നാണ് പണം കവർന്നത്. സി.സി.ടി.വി. ക്യാമറകളുടെ സുരക്ഷയുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ആസ്പത്രിക്കുള്ളിലെ മോഷണത്തിനും പിടിച്ചുപറിക്കും കുറവില്ല.
പോലീസ് സ്റ്റേഷനെയും ആശുപത്രിയെയും ബന്ധിപ്പിച്ച് ഇടനാഴി നിർമിക്കുന്നില്ല
ആശുപത്രിയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ ആശുപത്രിക്കു തൊട്ടുപുറകിലായുള്ള പോലീസ് കോംപ്ലക്സുമായി ബന്ധിപ്പിച്ച് ഇടനാഴി നിർമിക്കാൻ നിർദേശമുണ്ടായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ സ്റ്റേഷനിൽനിന്ന് പോലീസുകാർക്ക് ആസ്പത്രിയിലെത്താൻ ഇടനാഴി നിർമിച്ചാൽ കഴിയുമായിരുന്നു. എന്നാൽ ഈ പദ്ധതി അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്ന് കൗൺസിലർ മഞ്ചത്തല സുരേഷ് ആരോപിച്ചു.
വേണ്ടിടത്ത് സി.സി.ടി.വി. ഇല്ല
ആസ്പത്രിയിൽ സുരക്ഷാസംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി കെ.ആൻസലൻ എം.എൽ.എ.യുടെ ഫണ്ട് ഉപയോഗിച്ച് 20 സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചു. എന്നാൽ ആസ്പത്രിക്ക് പുറകുവശമുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ ഇവ സ്ഥാപിച്ചിട്ടില്ല. 20 സി.സി.ടി.വി.കളിൽ 18 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുമുള്ളൂ. ആസ്പത്രിയുടെ എല്ലാ ഭാഗത്തെയും ദൃശ്യങ്ങൾ ലഭ്യമാകുന്നതരത്തിൽ കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പിലാകുന്നില്ല. മാത്രവുമല്ല സി.സി.ടി.വി.കളിലെ ദൃശ്യങ്ങൾ പോലീസിന് മോണിറ്റർ ചെയ്യാൻ സംവിധാനവും ഒരുക്കിയിട്ടില്ല.
പൂട്ടിയിടാനൊരു പോലീസ് എയ്ഡ്പോസ്റ്റ്; സുരക്ഷാജീവനക്കാരും കുറവ്
ആസ്പത്രിക്കുള്ളിൽ കുറ്റകൃത്യങ്ങൾ പെരുകിയതോടെയാണ് പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചത്. തുടക്കത്തിൽ എയ്ഡ്പോസ്റ്റിൽ പോലീസുകാരുണ്ടായിരുന്നെങ്കിലും പിന്നെ, പിന്നെ പോലീസുകാരില്ലാതായി എയ്ഡ്പോസ്റ്റ് പൂട്ടിയിടേണ്ട ഗതികേടിലായി. ആസ്പത്രി സുരക്ഷയ്ക്കായി ആറ് സെക്യൂരിറ്റിക്കാരെയുള്ളൂ. 24 മണിക്കൂറും ഡ്യൂട്ടി ക്രമീകരിച്ച് വാർഡുകളിലും ഒ.പി.യിലും അത്യാഹിതവിഭാഗത്തിലുമായി ജോലി ചെയ്യണമെങ്കിൽ സുരക്ഷാവിഭാഗം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം. എന്നാൽ, പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.