ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ കൈക്കൂലി; അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

Share our post

കൊച്ചി: ഹൈക്കോടതി ജഡ്ജിയ്ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഭിഭാഷകനില്‍ നിന്ന് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുക്കും. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും ഹൈക്കോടതി അഡ്വക്കേറ്റ്സ് അസ്സോസിയേഷന്‍ പ്രസിഡന്റുമായ സൈബി ജോസ് കിടങ്ങൂരിന് മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കും.

ബലാത്സംഗക്കേസില്‍ പ്രതിയായ സിനിമാനിര്‍മാതാവിന് മുന്‍കൂര്‍ജാമ്യത്തിനായി, കേസ് പരിഗണിച്ച ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ 25 ലക്ഷം രൂപ അഭിഭാഷകന്‍ വാങ്ങിയെന്നാണ് ആരോപണം. സിനിമാ നിര്‍മാതാവിന്റെയും അഭിഭാഷകന്റെ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെയും മൊഴി രേഖപ്പെടുത്തും.

ചൊവ്വാഴ്ച മുതല്‍ നോട്ടീസ് നല്‍കി തുടങ്ങുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് നല്‍കും. ആരോപണത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാറുമായി കമീഷണര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.അഭിഭാഷകനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ ഹൈക്കോടതി രജിസ്ട്രാറാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്.

ആരോപണത്തില്‍ വാസ്തവമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ കേസെടുക്കും. കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുസമയത്ത് അഭിഭാഷകനെതിരെ ഇതേ ആരോപണം ഉയര്‍ന്നിരുന്നു. മാസങ്ങള്‍ക്കുമുമ്പാണ് സിനിമാനിര്‍മാതാവ് പ്രതിയായ ബലാത്സംഗക്കേസ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെയാണ് കൈക്കൂലി ആരോപണം ഉയര്‍ന്നത്.

കേസ് പരിഗണിച്ച ജഡ്ജിയുടെ ശ്രദ്ധയിലും ഇതെത്തി. വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം കോടതിക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് പൊലീസ് അന്വേഷണത്തിന് തീരുമാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!