പുലിയൂർ കാളിയുടെ പ്രതിപുരുഷൻ തെക്കുമ്പാടൻ സുനിൽ കുമാർ

പയ്യന്നൂർ ∙ തെക്കുമ്പാടൻ സുനിൽ കുമാർ (43 വയസ്സ്) ഇനി മുതൽ പുലിയൂർ കാളിയുടെ പ്രതിപുരുഷൻ. പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന കോറോം മുച്ചിലോട്ട് കാവിൽ പ്രതിപുരുഷനായി കോമരം എന്ന ആചാര പേര് സ്വീകരിച്ചു. കോയ്മമാരും കരിവെള്ളൂർ മുച്ചിലോട്ട് വലിയച്ഛൻ ഉൾപ്പെടെ വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിൽ നിന്നെത്തിയ ആചാര സ്ഥാനികരും വാല്യക്കാരും ഉൾപ്പെട്ട വൻ ജനാവലിയെ സാക്ഷി നിർത്തിയാണ് ആചാരം സ്വീകരിച്ചത്.
അരങ്ങിലിറങ്ങിയ പ്രതിപുരുഷന്മാർ കീഴ്‌വഴക്കമനുസരിച്ച് അനുമതി വാങ്ങി സുനിൽ കുമാറിനെ ക്ഷേത്രത്തിലേക്ക് കോമരമായി കയ്യേറ്റ് മഞ്ഞൾ കുറിയെറിഞ്ഞ് അനുഗ്രഹിച്ചു. തുടർന്ന് പെരുന്തണ്ണിയൂർ ക്ഷേത്രത്തിലേക്ക് ആനയിച്ച് കലശം കുളിപ്പിച്ച് തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി ആചാര പേര് വിളിച്ചു.
ക്ഷേത്രത്തിലെത്തി മാറ്റ് സ്വീകരിച്ച് പള്ളിയറയുടെ മണിനാദം മുഴക്കിയപ്പോൾ വിവിധ മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ സ്ഥാനികർ പള്ളിയറയിലേക്ക് കൈപിടിച്ച് കയറ്റി. പട്ടുടുത്ത് അരമണിയും ആഭരണങ്ങളും അണിഞ്ഞ ശേഷം വിവിധ മുച്ചിലോട്ട് ക്ഷേത്ര സ്ഥാനികർക്ക് കഴകപ്പണം നൽകി അനുഗ്രഹം സ്വീകരിച്ചു.
അന്തിത്തിരയനും ഗുരുവിനും കെട്ടും കിഴിയും കൊടുത്ത് അനുഗ്രഹം വാങ്ങി. തുടർന്ന് കുണ്ടയം കൊവ്വൽ കണ്ണൻ അന്തിത്തിരിയൻ പട്ടം കെട്ടിക്കൊടുത്തു. അതിന് ശേഷം ഗുരു എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുലിയൂർ കാളിയുടെ പ്രതിപുരുഷൻ കളത്താൽ സുധാകരൻ കോമരം തിരുവായുധം എടുത്ത് നൽകി അരങ്ങിലിറക്കി. മറ്റ് പ്രതിപുരുഷന്മാർക്കൊപ്പം അരങ്ങ് നിറഞ്ഞാടി ഭക്തരെ മഞ്ഞൾ പ്രസാദം നൽകി അനുഗ്രഹിച്ചു.
ചടങ്ങുകൾ പൂർത്തിയാക്കി അരങ്ങൊഴിഞ്ഞ ശേഷം കിഴക്കേ പടിപ്പുരയിൽ കോയ്മമാരും ആചാര സ്ഥാനികരും ആചാര പേര് വിളിച്ചു. തുടർന്ന് ആചാരക്കൈ നൽകി. ദേവിയുടെ പന്തൽ മംഗലത്തിന് നിലംപണി തുടങ്ങിയതിനാൽ പുടവയും ആചാരക്കുടയും ആചാര വടിയും സ്വീകരിക്കലും വീട്ടുകൂടലുമെല്ലാം പെരുങ്കളിയാട്ടം കഴിഞ്ഞ് കരിയിടിക്കൽ ചടങ്ങിന് ശേഷം മാത്രമേ നടക്കൂ. അതുവരെ സുനിൽ കുമാർ കോമരം കാവിലെ ഭണ്ഡാര പുരയിൽ കഴിയും.