ആകാശംതൊട്ട് ആത്മവിശ്വാസം; ആവേശമായി ഫൈന്‍ ട്യൂണ്‍

Share our post

ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ വിജയം കൈപ്പിടിയിലാണെന്ന തിരിച്ചറിവ് പകര്‍ന്ന് ഫൈന്‍ ട്യൂണ്‍ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രസകരമായ ആശയ സംവാദത്തിനുള്ള വേദിയായി. ലക്ഷ്യത്തിലെത്താമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ മികച്ച വിജയം ഉറപ്പാണെന്ന് ഫൈന്‍ട്യൂണിലൂടെ അവര്‍ തിരിച്ചറിഞ്ഞു.

യംഗ് ഇന്നവേറ്റേര്‍സ് പ്രോഗ്രാം പരിശീലകനായ ജിതിന്‍ ശ്യാമിന്റ ക്ലാസില്‍ കളികളും കാര്യങ്ങളും പങ്കുവെച്ചു കൊണ്ടാണ് അവര്‍ സംവദിച്ചത്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ ഒരുമിച്ച് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഓര്‍ത്തെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒന്നു ശങ്കിച്ചെങ്കിലും പിന്നീട് സ്വന്തം നേട്ടങ്ങള്‍ ഓരോരുത്തരും എണ്ണിപ്പറഞ്ഞു.

‘ചാന്‍സിനെ ‘ചെയിഞ്ചാ’ക്കിക്കൊണ്ടാണ് ജീവിത വിജയം നേടുന്നതെന്ന് പ്രശസ്തരുടെ ജീവിത പാഠങ്ങളിലൂടെ ജിതിന്‍ ശ്യാം കുട്ടികളെ ബോധ്യപ്പെടുത്തി. ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാനും ലക്ഷ്യത്തിലെത്താനുമുള്ള പ്രേരണ ക്ലാസിലൂടെ ലഭിച്ചതായി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തി. ലക്ഷ്യബോധത്തോടെ ജീവിക്കുമെന്നും ലക്ഷ്യത്തിനായി പരിശ്രമിക്കുമെന്നും ലഹരിക്കെതിരെ പോരാടുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. ആത്മവിശ്വാസത്തിന്റെ നിറവില്‍ ആകാശം തൊട്ടാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.

പ്രത്യേകം തയ്യാറാക്കിയ മൊഡ്യുള്‍ അനുസരിച്ചാണ് ഫൈന്‍ ട്യൂണ്‍ പദ്ധതി തയ്യാറാക്കിയത്. സ്‌കൂളിലെ പ്ലസ് ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ 50 പേരാണ് ഫൈന്‍ ട്യൂണിന്റെ ഭാഗമായത്. ജില്ലയിലെ 15 വിദ്യാലയങ്ങളിലാണ് ഫൈന്‍ ട്യൂണ്‍ ആദ്യഘട്ടം നടപ്പാക്കുക. ജനുവരി 20നകം ക്ലാസുകള്‍ പൂര്‍ത്തിയാകും. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം ‘ദ ട്രാപ്പ്’ വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണം ചെയ്തു.

സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം കാസിം, സിനിയര്‍ ഇന്‍ ചാര്‍ജ് അബ്ദുള്‍ ഹമീദ്, ബി ആര്‍സി പ്രതിനിധികളായ അഫ്സല്‍ റഹ്മാന്‍, അനൂപ് കുമാര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി വി ശ്രീലേഖ തുടങ്ങിയവര്‍ സംസാരിച്ചു.

ജനുവരി 17ന് പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി, ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കണ്ടറി, പറശ്ശിനിക്കടവ് ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ പരിപാടി നടക്കും. പാനൂരില്‍ രാവിലെ 10 മണിക്കും ചുണ്ടങ്ങാപ്പൊയിലില്‍ ഉച്ചക്ക് രണ്ട് മണിക്കും ഇ ഐ ലിതേഷ് ക്ലാസെടുക്കും. 17ന് ഉച്ചക്ക് രണ്ട് മണിക്ക് പറശ്ശിനിക്കടവ് സ്‌കൂളില്‍ ഒ വി പുരുഷോത്തമന്‍ കുട്ടികളുമായി സംവദിക്കും.

18ന് രാവിലെ 10 മണിക്ക് ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജിതിന്‍ ശ്യാം ക്ലാസെടുക്കും. സരീഷ് പയ്യമ്പള്ളിയുടെ നേതൃത്വത്തില്‍ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളിലും 20ന് രാവിലെ 9.30ന് മുഴപ്പിലങ്ങാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പരിപാടി നടക്കും. 19ന് ഉച്ചക്ക് രണ്ട് മണിക്ക് മാട്ടൂല്‍ സി എച്ച് എം കെ എസ് ജി എച്ച് എസ് എസില്‍ എന്‍ രാജേഷ് ക്ലാസെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!