പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂരമര്‍ദനം; ബൈക്ക് ഇടിപ്പിച്ചു

മലപ്പുറം: പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കാലിന്റെ എല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കളിക്കാനെത്തിയ കുട്ടികള്‍ സമീപത്തെ പറമ്പില്‍നിന്ന് പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സ്ഥലമുടമ മര്‍ദിച്ചത്. ബൈക്ക് കൊണ്ട് കുട്ടിയെ ആദ്യം ഇടിച്ചുവീഴ്ത്തിയെന്നും പിന്നീട് കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നുമാണ് ആരോപണം.
പരിക്കേറ്റ കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിവരമറിഞ്ഞെത്തിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വനിതാ ശിശുക്ഷേമവകുപ്പ് വികസന ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.