കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി; കൈയും കാലും ഒടിഞ്ഞ് പ്രതികള്‍, അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാര്‍ഥിനി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്‍വെച്ച് മലയാളി പെണ്‍കുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചുനില്‍ക്കുന്നതിനിടെ രണ്ടുപേരാണ് ആദ്യം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ ആണ്‍സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പിന്നീട് സംഘത്തിലെ നാലുപേര്‍ കൂടി സ്ഥലത്തെത്തി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തിനുശേഷം പെണ്‍കുട്ടിയും ആണ്‍സുഹൃത്തും നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
കേസില്‍ പ്രതികളായ അഞ്ചുപേരെയും കഴിഞ്ഞദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. കാഞ്ചീപുരം പെരുമ്പത്തൂര്‍ സ്വദേശികളായ മണികണ്ഠന്‍, വിമല്‍, ശിവകുമാര്‍, തെന്നരശ്, വിഘ്‌നേഷ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
ആറാമത്തെ പ്രതിയെ ഞായറാഴ്ച രാവിലെയും പിടികൂടി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സംഘത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് വീണ് പരിക്കേറ്റതായി പോലീസ് പറഞ്ഞു. പ്രതികളുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്.