വയോധികയെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമം

തലശ്ശേരി: വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണവള കവരാന്‍ ശ്രമം. മുകുന്ദ് മല്ലര്‍ റോഡിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം കോമ്പൗണ്ടില്‍ താമസിക്കുന്ന പ്രസന്ന ജി. ഭട്ടിന് (75) നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 നാണ് സംഭവം.
ഇവര്‍ തനിച്ചാണ് താമസം. മുഖംമൂടി ധരിച്ചെത്തിയ അക്രമി വയോധികക്കു നേരെ കത്തിചൂണ്ടി സ്വര്‍ണവള തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്രമിയുടെ കത്തികൊണ്ട് ഇവരുടെ കൈക്ക് മുറിവേറ്റു. സ്ത്രീ ബഹളം വെച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. നരസിംഹ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പരേതനായ ഗണേഷ് ഭട്ടിന്റെ ഭാര്യയാണ് പ്രസന്ന.
സ്വര്‍ണമൊന്നും നഷ്ടപ്പെട്ടില്ലെന്ന് വയോധിക പൊലീസിന് മൊഴി നല്കി. വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് അക്രമി വീട്ടിനകത്ത് കയറിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി അടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.