പാര്‍ട്ടി ഓഫീസിലും അശ്ലീലവര്‍ത്തമാനം, സ്ത്രീകളില്‍നിന്ന് പണംവാങ്ങി; സോണയുടെ കൈവശം 34 ദൃശ്യങ്ങള്‍

Share our post

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീലദൃശ്യം മൊബൈൽഫോണിൽ സൂക്ഷിച്ച ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി. സോണയെ സി.പി.എമ്മിൽനിന്നു പുറത്താക്കി. പാർട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തിയാണിതെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെത്തുടർന്നാണു നടപടി.

സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരടങ്ങിയ കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ശനിയാഴ്ച സംസ്ഥാനനേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. ഇതിൽ സോണ സ്ത്രീകളുടെ വീഡിയോ സൂക്ഷിച്ചെന്ന ആരോപണത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ, സെക്രട്ടേറിയറ്റംഗങ്ങളായ ജി. വേണുഗോപാൽ, ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ പരാതിക്കാർ നൽകിയ വീഡിയോ കണ്ടു. തുടർന്ന് ഒരുനിമിഷംപോലും സോണയെ പാർട്ടിയിൽ നിലനിർത്താനാകില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.

കമ്യൂണിസ്റ്റിന് ഉണ്ടാകേണ്ട സദാചാര മര്യാദ പാലിക്കാതെ സഹപ്രവർത്തകരായ സ്ത്രീകളുടെയും സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ അവരറിയാതെയെടുത്തു സൂക്ഷിച്ചതായും നേതാക്കൾ പറഞ്ഞു. പാർട്ടി ഓഫീസിലുൾപ്പെടെ സ്ത്രീകളുമായി അശ്ലീലവർത്തമാനം പറയുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇതുൾപ്പെടെ 34 ദൃശ്യങ്ങളാണ് അന്വേഷണകമ്മിഷനുകിട്ടിയത്. 30 പേരിൽനിന്ന് തെളിവെടുപ്പു നടത്തി. പലസ്ത്രീകളിൽനിന്നു പണം കൈപ്പറ്റിയിരുന്നെന്ന പരാതിയും നേതൃത്വത്തിനു കിട്ടി.

തീരദേശമേഖലയിലെ ഒരുപെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ മർദിക്കുകയും സോണയുടെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ചിത്രം പകർത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചപ്പോഴാണ് വീട്ടമ്മമാരുടെയുൾപ്പെടെയുള്ളവരുടെ അശ്ലീലദൃശ്യം കണ്ടത്. പെൺകുട്ടിയുടെ അമ്മ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു പരാതി നൽകി. തുടർന്നായിരുന്നു അന്വേഷണം.

പരാതിയുയർന്ന സാഹചര്യത്തിൽ സി.പി.എമ്മിന്റെ എല്ലാപരിപാടികളിൽനിന്നും സോണയെ ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ കുതിരപ്പന്തി മേഖലാ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം നീക്കി. നേതാവിന്റെ അവിഹിതബന്ധങ്ങളറിഞ്ഞ് സി.ഐ.ടി.യു. വിന്റെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ ഒഴിവാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!