മുഴപ്പിലങ്ങാട്ട് വരൂ, കടൽത്തിരകളിൽ ഒഴുകി നടക്കാം

Share our post

കണ്ണൂർ: കടൽത്തിരകൾക്ക് മുകളിലൂടെ ഒഴുകി നടക്കണോ. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വരിക. ബേപ്പൂരിനും ബേക്കലിനും പിന്നാലെ സംസ്ഥാനത്തെ മൂന്നാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടനത്തിനൊരുങ്ങി.

ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിന്റെയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് നവ്യാനുഭവമാകും കടലിലൂടെയുള്ള നടപ്പാത.മദ്ധ്യപ്രദേശിൽനിന്നുള്ള റബർ, പ്ലാസ്റ്റിക് സംയുക്തങ്ങളുപയോഗിച്ച് ഏതാണ്ട് ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ബ്രിഡ്ജിന്റെ പ്ലാറ്റ്‌ഫോമും മറ്റും സജ്ജമാക്കിയത്.

സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഒരുക്കിയത്. ഇതിലൂടെ കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സഞ്ചരിക്കാം. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം.

120 രൂപയാണ് പ്രവേശന ഫീസ്. സുരക്ഷയ്ക്കായി ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ എന്നിവയ്ക്ക് പുറമെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗിക്കും.പാലത്തിനെ 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കിയിട്ടുണ്ട്.

ഫൈബർ എച്ച്.ഡി.പി.ഇ നിർമ്മിത പാലത്തിൽ ഇന്റർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിലൂടെയുള്ള യാത്ര സാദ്ധ്യമാക്കുന്നത്.മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമ്മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും സൈറ്റ് സീയിംഗ് പ്ലാറ്റ്‌ഫോമുമുണ്ട്.

ഇതിലൂടെ കടലിനെയും തിരമാലകളെയും അനുഭവിച്ചറിയാം. പാറക്കൂട്ടങ്ങൾ നിറഞ്ഞ കടലിന്റെ കാഴ്ചവേറിട്ട അനുഭവമാകും. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, ലഹരി ഉപയോഗിച്ചവർ എന്നിവർക്ക് പ്രവേശനം അനുവദിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!