ഖരമാലിന്യ ശേഖരണം നൂറ് ശതമാനത്തിലെത്തിക്കണമെന്ന് കലക്ടര്‍

Share our post

ജില്ലയിലെ ഖരമാലിന്യ ശേഖരണം നൂറ് ശതമാനത്തിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് .ചന്ദ്രശേഖര്‍ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ബ്ലോക്കുതല ശുചിത്വ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് നിര്‍ദേശം.

ഖരമാലിന്യ ശേഖരണം വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക യോഗം ചേരണം. മാലിന്യം ശേഖരിക്കുമ്പോള്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കാത്ത വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രേഖാമൂലം നോട്ടീസ് നല്‍കും. ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും ഉള്‍പ്പടെ നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ മുന്‍കൂട്ടി തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കണമെന്ന തീരുമാനം കര്‍ശനമാക്കണം.

ഇവിടങ്ങളില്‍ പരിശോധന നടത്തി ഹരിത പെരുമാറ്റചട്ടം പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ജില്ലയിലെ പൊതു റോഡുകള്‍, വഴികള്‍ എന്നിവ ശുചിത്വ ക്യാമ്പയിനിലൂടെ ശുചീകരിക്കണം. വേനല്‍ക്കാലത്ത് തോടുകള്‍, ആഴം കുറഞ്ഞ പുഴകള്‍ എന്നിവിടങ്ങളില്‍ തടയണ നിര്‍മ്മിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
നിരോധിച്ച പി വി സി ഫ്ളക്സുകള്‍ നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും തടയണം.

പകരം പുനചക്രമണ സാധ്യതയുള്ള തുണി, പേപ്പര്‍, പോളി എത്തിലിന്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, അസി. ഡവലപ്മെന്റ് കമ്മീഷ്ണര്‍ ജനറല്‍ ഡി വി അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!