അടിമുടി മാറ്റത്തിനൊരുങ്ങി അഴീക്കോടെ വിദ്യാലയങ്ങള്‍

Share our post

അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ അടിമുടി മാറ്റത്തിനൊരുങ്ങി മണ്ഡലത്തിലെ വിദ്യാലയങ്ങള്‍. 20 ഗവ. സ്‌കൂളുകളും 52 എയ്ഡഡും ഉള്‍പ്പെടെ 72 സ്‌കൂളുകളെയാണ് ആധുനികവല്‍ക്കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക. ഇതിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ മണ്ഡലതല ശില്‍പശാലയില്‍ കണ്ണൂര്‍ ഡയറ്റ് തയ്യാറാക്കിയ സ്‌കൂളുകളുടെ അവസ്ഥാ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സൗഹൃദ വിദ്യാലയം, സമഗ്ര ആരോഗ്യ പോഷകാഹാര പരിപാടി, ഗുണമേന്മാ വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ലൈബ്രറി-ലാബ് നവീകരണം, സാമൂഹ്യ പിന്തുണ സംവിധാനം എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഡയറ്റ് നടത്തിയത്. തുടര്‍ന്ന് നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മുന്നോട്ടുവെച്ചു.

സ്‌കൂളുകള്‍ക്ക് ആധുനിക രീതിയിലുള്ള കെട്ടിടം, ശാസ്ത്രീയമായ മാലിന്യപരിപാലന സംവിധാനങ്ങള്‍, ആകര്‍ഷകവും ശുചിത്വവും ആധുനികവുമായ അടുക്കള, മഴക്കൊയ്ത്ത് സംവിധാനം പോലെയുള്ള കുടിവെള്ളം സ്രോതസ്, കുടിവെള്ള വിതരണ സംവിധാനം , തടസമില്ലാത്ത വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, വിദ്യാലയങ്ങളില്‍ പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങിയ നിരവധി പ്രവൃത്തികളാണ് സ്‌കൂളുകളില്‍ നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തില്‍ പഞ്ചായത്തുതല ശില്‍പശാലകള്‍, മൂന്നാംഘട്ടത്തില്‍ സ്‌കൂള്‍തല ശില്‍പശാലകള്‍ എന്നിവ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. മണ്ഡലം, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ കര്‍മ സമിതികള്‍ രൂപീകരിച്ചായിരിക്കും പദ്ധതി യാഥാര്‍ഥ്യമാക്കുക.
ഓരോ സ്‌കൂളിനും ആവശ്യമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരണം, ഫണ്ട് ലഭ്യത കണ്ടെത്തല്‍ എന്നിവ ഇതിലൂടെ ഉറപ്പാക്കും. വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന പത്തംഗസമിതി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പ്രശ്നങ്ങള്‍ എത്രത്തോളം പരിഹരിച്ചെന്ന് മനസിലാക്കാനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 2025ല്‍ വീണ്ടും സമഗ്ര അവസ്ഥ പഠനം നടത്തുമെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. സ്‌കൂള്‍ പിടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തും. കുട്ടികളുടെ മാനസിക-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുമെന്നും കെ വി സുമേഷ് എം എല്‍ എ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!