പ്രവീണ്‍ വെട്ടിച്ചത് രണ്ട് കോടിയെന്ന് കമ്മീഷണര്‍; 100 കോടിയെന്ന് പ്രോസിക്യൂട്ടര്‍; കോടികള്‍ എവിടെ ?

Share our post

തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ സംഖ്യ സംബന്ധിച്ച് പോലീസിനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഭിന്നസ്വരം. തട്ടിപ്പ് സംബന്ധിച്ച് രണ്ടുകോടിയുടെ പരാതിയാണ് ഇതുവരെ കിട്ടിയതെന്നും അതിനാല്‍ തട്ടിപ്പ് രണ്ടുകോടിയുടേതാണെന്നേ ഇപ്പോള്‍ പറയാനാകൂയെന്നും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു.

എന്നാല്‍ പ്രവീണ്‍ റാണയെ കോടതിയില്‍ ഹാജരാക്കവേ നുറുകോടിയുടെ തട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നതെന്നാണ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുനില്‍ കോടതിയെ അറിയിച്ചത്. റാണയെ 27 വരെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ചു. 36 കേസുകളെടുത്തതായി സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

ഭാഗ്യമില്ല

ഒളിവില്‍ കഴിഞ്ഞിരുന്ന എറണാകുളത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് ജനുവരി ആറിന് അന്വേഷിച്ചെത്തിയ പോലീസിന് റാണയെ പിടികൂടാനാകാത്തത് പോലീസിന്റെ ദൗര്‍ഭാഗ്യം കാരണമാണെന്ന് പോലീസ് കമ്മിഷണര്‍. പോലീസ് എത്തുന്ന കാര്യം റാണ അറിഞ്ഞത് പോലീസില്‍നിന്ന്തന്നെ വിവരം കിട്ടിയാണെന്ന ആരോപണത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. വൈകാതെ പിടികൂടാനായല്ലോ എന്നും കമ്മിഷണര്‍ പ്രതികരിച്ചു.

പിടിച്ചെടുത്തവ

റാണ രക്ഷപ്പെട്ട കാറും ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാറും ഉള്‍പ്പെടെ ഏഴു കാറുകള്‍ പിടിച്ചെടുത്തു. 17 ലാപ്‌ടോപ്പുകളും എട്ടു ഹാര്‍ഡ് ഡിസ്‌കുകളും 35 മൊബൈല്‍ സിം കാര്‍ഡുകളും പിടികൂടി.

തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കവേ പോലീസിനെതിരേ പരാതിയില്ലെന്ന് റാണ പറഞ്ഞു. രണ്ടുദിവസത്തിനകം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസിന്റെ നീക്കം. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ബിസിനസ് പങ്കാളി കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കും.

വെട്ടിച്ച കോടികള്‍ എവിടെ?

പ്രവീൺ റാണയുടെ സേഫ്
ആൻഡ് സ്‌ട്രോങ് സ്ഥാപനങ്ങളുടെ
കോർപറേറ്റ് ഓഫീസ്.
തൃശ്ശൂര്‍: 200 കോടിയോളം നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ എവിടെയെന്നത് ദുരൂഹം. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലും വയനാട്ടിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ ആസ്തി ഉണ്ടെന്നാണ് സത്യവാങ്മൂലം നല്‍കിയിരുന്നത്.

തൃശ്ശൂരിലെ സ്വകാര്യബാങ്കില്‍ 23 ലക്ഷത്തിന്റെ നിക്ഷേപം, മൂന്നിടത്ത് സ്വന്തമായി ഭൂമി, 41.6 ലക്ഷത്തിന്റെ കാറും പാറമേക്കാവ്, കാനാടി, ഗുരുവായൂര്‍ വില്ലേജുകളായി മൂന്നിടത്ത് ഭൂമിയും ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്. 26 ലക്ഷത്തിന്റെ കാര്‍വായ്പ മാത്രമാണ് ബാധ്യതയായി സത്യവാങ്മൂലത്തില്‍ അന്ന് രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തില്‍ റാണ ഒരു വഞ്ചനക്കേസില്‍ പ്രതികൂടിയായിരുന്നു. നിലവില്‍ റാണക്കെതിരേയുള്ള കേസുകള്‍ രജിസ്റ്റര്‍ചെയ്ത തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ത്തന്നെയായിരുന്നു അന്ന് വഞ്ചനാക്കേസും രജിസ്റ്റര്‍ ചെയ്തത്.

ഇപ്പോള്‍ അറസ്റ്റിനെത്തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ പാലക്കാട്ട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് അറിയിച്ചത്. കേസുകള്‍ വന്നതിനു പിന്നാലെ 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയതായും ചോദ്യംചെയ്യലില്‍ മൊഴി നല്‍കി.

തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്‌തെന്ന് കണ്ടെത്താന്‍ കൂടുതല്‍ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 11 കമ്പനികളിലൂടെയാണ് പ്രവീണ്‍ റാണ ബിസിനസ് നടത്തിയിരുന്നത്. പുതുതലമുറ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പരിശോധിച്ച പോലീസ് സംശയത്തിലുള്ള പണ ഇടപാടുകളില്‍ വ്യക്തത വരുത്തുകയാണ്. സ്ഥാപനം പൊട്ടിയതോടെ മൂന്നു മാസത്തിനുള്ളില്‍ 61 കോടി രൂപ അക്കൗണ്ടില്‍നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!