എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ സി.പി.എമ്മിന്റെ ജാഥ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കാന്‍ സി.പി.എം. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് ജാഥ. പി. കെ. ബിജുവാണ് ജാഥാ മാനേജര്‍. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ. ടി. ജലീല്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്.
ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തിന്റെ ഘട്ടമാകുമ്പോഴേക്ക് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്നാണ് ആര്‍.എസ്.എസ്. അജണ്ട വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മതനിരപേക്ഷമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനവിരുദ്ധ നയങ്ങളാണ് ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി എല്ലാത്തിന്റേയും വില വര്‍ധിക്കുന്നു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം. ചരിത്രത്തിലില്ലാത്ത രീതിയിലാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നത്.
പട്ടിണിപ്പാവങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ഫലപ്രദമായ നിലപാട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഇത്തരം കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ബദല്‍ നയങ്ങളെന്ന നിലയില്‍ അവതരിപ്പിക്കുക എന്നതും ജാഥയുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാരിനോടുള്ള നിലപാട് തുറന്നുകാട്ടാനാണ് ജാഥ. ജി.എസ്.ടി. നഷ്ടപരിഹാരത്തുക നല്‍കാന്‍ തയ്യാറില്ല, നല്‍കുന്ന വരുമാനത്തിലെ കുറവുള്‍പ്പെടെ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതും ജാഥയുടെ ലക്ഷ്യമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു.