മട്ടന്നൂർ ജുമാ മസ്ജിദ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

മട്ടന്നൂർ: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണ അഴിമതിക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ഇനി കേസ് അന്വേഷിക്കുക. മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമിച്ചതുമായി ബന്ധപ്പെട്ട് ഒൻപതു കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.
കേസിൽ മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, മഹല്ല് കമ്മിറ്റി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം.സി.കുഞ്ഞമ്മദ്, യു.മഹറൂഫ് എന്നിവരെ സെപ്തംബറിൽ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യമുണ്ടായിരുന്നതിനാൽ തുടർന്ന് ജാമ്യത്തിൽ വിട്ടു.
മട്ടന്നൂർ ഇൻസ്‌പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതികളുടെ വീടുകളിലും നേരത്തെ പരിശോധന നടത്തിയിരുന്നു.വഖഫ് ബോർഡിന്റെ അനുമതി കൂടാതെ കോടികൾ ചെലവഴിച്ച് പള്ളി പുനർനിർമിച്ചതിൽ അഴിമതിയുണ്ടെന്നായിരുന്നു പരാതി.
പള്ളികമ്മിറ്റിയംഗമായിരുന്ന എം.പി.ഷെമീറാണ് പരാതി നൽകിയിരുന്നത്. 2011 മുതൽ 2018 വരെ പള്ളികമ്മിറ്റി ഭാരവാഹികളായിരുന്ന അബ്ദുറഹ്മാൻ കല്ലായി ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ലീഗും കോൺഗ്രസും ആരോപിക്കുന്നത്.