അഞ്ജുശ്രീയുടെ മരണം: കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ച്ചെന്നാണെന്ന് പരിശോധനാഫലം

Share our post

കാസര്‍കോട്: പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് രാസപരിശോധനാഫലം. കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായാണ് സൂചന.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് ആദ്യഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നത്. എന്നാല്‍, ഭക്ഷ്യസുരക്ഷാവകുപ്പ് ആ സാധ്യത തള്ളിക്കളഞ്ഞു. മൊഴികളിലെ വൈരുധ്യം കണക്കിലെടുത്തായിരുന്നു അത്. വിഷം ഉള്ളില്‍ച്ചെന്ന് കരള്‍ തകര്‍ന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെയും സൂചന.

ഇതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുറിപ്പിലെ സൂചന. അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31-നാണ് വീട്ടുകാര്‍ ഓണ്‍ലൈനില്‍ കുഴിമന്തി വാങ്ങിയത്. ജനുവരി ഏഴിന് പുലര്‍ച്ചെയാണ് അഞ്ജുശ്രീ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പരാതിയുയര്‍ന്നെങ്കിലും സൂചനകളും മൊഴികളും പൊരുത്തപ്പെടാതിരുന്നതോടെയാണ് സംഭവം പോലീസ് വിശദമായി അന്വേഷിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!