റെയിൽവേ സ്റ്റേഷനിലെ പിടിച്ചുപറി; മോഷ്ടാവ് അറസ്റ്റിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് യുവാവിന്റെ സ്വർണമാലയും പഴ്സും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. എടക്കാട് സ്വദേശി എ.കെ. നാസറി (30)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 20ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന തയ്യിൽ സ്വദേശി അമൃതനാണ് കവർച്ചക്ക് ഇരയായത്.
ഇയാളെ തടഞ്ഞു നിർത്തിയ പ്രതി ബലമായി സ്വർണമാലയും പഴ്സും കൈക്കലാക്കുകയായിരുന്നു. അമൃതന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
അതിനിടെ കഴിഞ്ഞദിവസം കണ്ണൂർ നഗരത്തിൽ നിന്ന് പ്രതിയെ കണ്ട അമൃതൻ വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ നാസറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
