ശബരിമല: മകരവിളക്കുദിവസം തീർഥാടകർക്ക് പകൽ 12 വരെ മാത്രം പ്രവേശനം
ശബരിമല: മകരവിളക്കുദിവസമായ 14ന് പകൽ 12 വരെ മാത്രമായിരിക്കും തീർഥാടകർക്ക് സന്നിധാനത്തേക്ക് പ്രവേശനം. 12നുശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. മകരസംക്രമ പൂജ 14ന് രാത്രി 8.45ന് നടക്കും. 15ന് വീണ്ടും പ്രവേശനം അനുവദിക്കും.
മകരവിളക്കിനുമുന്നോടിയായുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും.
മകരവിളക്ക് കാണാനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാൻ ശബരിമല എഡിഎം പി വിഷ്‌ണുരാജിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ തീരുമാനമായി.