ലോറിക്ക് മുകളില്‍ ‘തുണിവ്’ ആഘോഷം; യുവാവിന് ദാരുണാന്ത്യം

ചെന്നൈ: അജിത് കുമാറിന്‍റെ ‘തുണിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ യുവാവ് ലോറിയുടെ മുകളില്‍ നിന്ന് വീണുമരിച്ചു. കോയമ്പേട് സ്വദേശി ഭരത് കുമാര്‍(19) ആണ് മരിച്ചത്.
ബുധനാഴ്ച വെളുപ്പിനെ ചെന്നൈ രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. റിലീസ് ആഘോഷത്തിനിടെ ഭരതും ചിലരും പൂനമല്ലി ഹൈറോഡില്‍ ഒരു ടാങ്കര്‍ ലോറിയുടെ മുകളില്‍ കയറി നൃത്തം ചെയ്യുകയായിരുന്നു.
നൃത്തം ചെയ്യുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഭരതിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതിനിടെ അജിത് – വിജയ് ആരാധകര്‍ പലയിടങ്ങളിലും ഏറ്റുമുട്ടിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അജിത്തിന്‍റെ തുണിവും വിജയ് ചിത്രം വാരിസും ഒരേ ദിവസം ഇറങ്ങിതിനെത്തുടര്‍ന്ന് കനത്ത പോലീസ് സന്നാഹമാണ് മിക്കയിടങ്ങളിലും ഒരുക്കിയിരിക്കുന്നത്.