നയന സൂര്യന്റെ മരണം; പോലീസിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ. ശശികല. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിട്ടില്ലെന്നും കൊലപാതക സാധ്യതയെന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ശശികല പറഞ്ഞു. തന്റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.
നയനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത് അന്നത്തെ ഫോറന്‍സിക് മേധാവിയായിരുന്ന കെ. ശശികലയാണ്. ഇവരുടേതെന്ന തരത്തില്‍ നേരത്തെ പുറത്തുവന്ന മൊഴിയില്‍ നയന സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശമാണുണ്ടായിരുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്നായിരുന്നു മൊഴി. എന്നാല്‍ ഇത്തരത്തിലുള്ള മൊഴി താന്‍ പൊലീസിന് നല്‍കിയിട്ടില്ലെന്ന് ശശികല പറയുന്നു. അതേസമയം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള കഴുത്തിന്റെ ഇടതുഭാഗത്ത് 31.5 സെന്റിമീറ്റര്‍ നീളത്തില്‍ ഉരഞ്ഞുണ്ടായ മുറിവ് പൊലീസിന്റെ ഇന്ക്വസ്റ്റിലില്ല.
താടിയെല്ലില്‍ 6.5 സെന്റിമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുന്‍വശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. കഴുത്തിന് മുന്‍ഭാഗത്തും താഴെയും നെഞ്ചിന്റെ ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയന സൂര്യനെ (28) തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹ പരിശോധന ഫലത്തിലുള്ളത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.