ജില്ലയില്‍ 9849 പേര്‍ക്ക് വാതില്‍പ്പടി സേവനം നല്‍കി

Share our post

സര്‍ക്കാര്‍ സേവനങ്ങള്‍ അര്‍ഹരാവയരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന വാതില്‍പ്പടി സേവന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 9849 പേര്‍ക്ക് സേവനം നല്‍കി. പഞ്ചായത്തുകളില്‍ 7304 പേര്‍ക്കും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലുമായി 2545 പേര്‍ക്കുമാണ് സേവനം ലഭിച്ചത്.

പാലീയേറ്റീവ് സേവനങ്ങള്‍, പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങളുടെ വിതരണം, മസ്റ്ററിംഗ് സേവനം, റേഷന്‍ കാര്‍ഡ്- ആധാര്‍ കാര്‍ഡ് ലഭ്യമാക്കല്‍, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷ, മരുന്ന് വിതരണം എന്നിവയാണ് നല്‍കുന്ന സേവനങ്ങള്‍. ആശ പ്രവര്‍ത്തകര്‍, സന്നദ്ധസേന വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പ്രകാരം 7754 പേര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ വിതരണം ചെയ്തു. 219 പേര്‍ക്ക് മസ്റ്ററിംഗ് സേവനവും 165 പേര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റും 153 പേര്‍ക്ക് പെന്‍ഷന്‍ അപേക്ഷാ സേവനവും 110 പേര്‍ക്ക് സി എം ഡി ആര്‍ എഫ് ധനസഹായത്തിന് അപേക്ഷയും നല്‍കി. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിന് തുക വകയിരിത്തിയിട്ടുണ്ട്. സംഭാവനയായി 3,92,066 രൂപ ലഭിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാപനതല കമ്മിറ്റികള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിനായി ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ 1545 വാര്‍ഡുതല സമിതികള്‍ രൂപീകരിച്ചു. 2611 സന്നദ്ധ പ്രവര്‍ത്തകരാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ വഴിയാണ് ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത്. 60 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, ചലന പരിമിതി അനുഭവിക്കുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കാണ് സേവനം ലഭിക്കുക.

പദ്ധതി സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് പി. പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി .പി ഷാജിര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം. ശ്രീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ റ്റൈനി സൂസണ്‍ ജോണ്‍, ഡി. ഡി.പി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഷാജി കൊഴുക്കുന്നോല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!