ലോഡിങ് തൊഴിലാളിയെ വധിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

ഇരിട്ടി: പഴയ ബസ്റ്റാന്റിൽ ബസ് കാത്തു നിൽക്കുകയിരുന്ന ലോഡിംങ് തൊഴിലാളിയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ഇസ്മായിലിനെയാണ് (48) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ.എം പി. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുത്ത് പോകാനായി രാത്രി എട്ടോടെ ഇരിട്ടി പഴയ ബസ് സ്റ്റാന്റിൽ ബസ് കാത്തു നിൽക്കുകയായിരുന്ന പേരാവൂർ മുരിങ്ങോടി പെരുമ്പുന്ന സ്വദേശിയും ലോഡിംങ് തൊഴിലാളിയുമായ അരയാക്കൂൽ അബ്ദുൽ നാസറിനെയാണ്(49) പ്രതി കുത്തി പരുക്കേൽപ്പിച്ചത്.
കഴുത്തിനും ചെവിക്കും മുറിവേറ്റ ഇയാളെ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നാസറിന്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പൊലിസ് പ്രതിയെ ഇന്നലെ രാവിലെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.