തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ പോലീസിന്റെ പുതിയ സംഘം ചുമതലയേറ്റു

Share our post

മകരവിളക്ക് മഹോത്സവത്തിനും മകരജ്യോതി ദര്‍ശനത്തിനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശബരിമല തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവും നിയന്ത്രണ വിധേയവുമാക്കാന്‍ കേരള പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് പുതിയ ബാച്ചുകള്‍ ചുമതലയേറ്റത്.

മൂന്നിടങ്ങളിലുമായി ഓഫീസര്‍മാരുള്‍പ്പെടെ 2958 പേരാണ് സേവനരംഗത്തുള്ളത്.നിലയ്ക്കലില്‍ സ്പെഷ്യല്‍ ഓഫീസര്‍ ആര്‍ ഡി അജിത്ത്, അസിസ്റ്റന്റ് എസ് ഒ അമ്മിണിക്കുഞ്ഞ് എന്നിവരുടെ നേതൃത്വത്തില്‍ 502 പേരാണ് ചുമതലയേറ്റത്.

ഇതില്‍ 6 ഡി. വൈ .എസ് പി, 15 സി.ഐ, 83 എസ്. ഐ- എ .എസ് .ഐ ,8 വനിതാ സി.ഐ- എസ്. ഐ, 350 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ ആറ് സെക്ടറുകളിലായി വിന്യസിച്ചു.

പമ്പയില്‍ സ്പെഷ്യല്‍ ഓഫീസര്‍ കെ കെ അജി, അസിസ്റ്റന്റ് എസ് ഒ അരുണ്‍ കെ പവിത്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 581 പേരാണ് ചുമതലയേറ്റത്. ഇതില്‍ 6 ഡിവൈഎസ്പി, 15 സി ഐ, 88 എസ് ഐ-എ .എസ്. ഐ, 8 വനിതാ സി ഐ, 430 പുരുഷ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 40 വനിതാ സിവില്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇവരെ അഞ്ച് സെക്ടറുകളില്‍ വിന്യസിച്ചു.സന്നിധാനത്ത് സ്പെഷ്യല്‍ ഓഫീസര്‍ ഇ. എസ് ബിജുമോന്റെ നേതൃത്വത്തില്‍ 1875 പേരാണ് പുതിയ സംഘത്തിലുള്ളത്.

12 ഡി. വൈ .എസ് പി, 36 സി .ഐ, 125 എ .എസ്. ഐ-എസ് .ഐ മാരും സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് സംഘത്തിലുള്ളത്. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, കെ. എസ് ഇ ബി, ജീപ് റോഡ്, ശരംകുത്തി, എസ് എം സെക്ടര്‍, മരക്കൂട്ടം, സ്ട്രൈക്കര്‍, പാണ്ടിത്താവളം, എന്നിങ്ങനെ 12 സെക്ടറുകളായാണ് സേനയെ വിന്യസിച്ചത്.

ജീപ്പ് റോഡ് ഒഴികെ ഡി. വൈ. എസ് പിമാര്‍ക്കാണ് സെക്ടറുകളുടെ ചുമതല.ഓരോ സെക്ടറിലും സി ഐ മാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടി പോയിന്റുകളുണ്ടാകും. ഈ പോയിന്റുകളെ കൃത്യമായി ഏകോപിപ്പിച്ച് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

മകരജ്യോതി ദിവസം അഞ്ച് ഡിവൈഎസ്പിമാരെ അധികം നിയോഗിക്കുമെന്ന് എസ്. ഒ. ഇ. എസ് ബിജുമോന്‍ പറഞ്ഞു.മകരവിളക്ക് ഉത്സവം കഴിഞ്ഞ് നടയക്കും വരെ ഈ സംഘത്തിനാണ് സന്നിധാനത്തെ ചുമതല. ഇതിന് പുറമെ എന്‍ .ഡി .ആര്‍. എഫ്, ആര്‍. എ .എഫ്, ഇതര സംസ്ഥാന പൊലീസുകാര്‍, വിവിധ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സേവനത്തിനുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!