ഔഷധ ഗ്രാമം പദ്ധതി: കർഷകർക്ക് പരിശീലനം തുടങ്ങി

Share our post

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള പരിശീലന ശിൽപശാലകൾ ആരംഭിച്ചു. എം .വിജിൻ എം .എൽ. എ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കണ്ണപുരം എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് 25 ഏക്കറിൽ ഔഷധ സസ്യകൃഷി ആരംഭിക്കുക. കുറുന്തോട്ടി കൃഷിയാണ് മെയ് മാസത്തോടെ ആദ്യം തുടങ്ങുക. ഘട്ടം ഘട്ടമായി മണ്ഡലത്തിലെ 100 ഏക്കറിൽ ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

കൃഷിച്ചെലവുകൾക്കായി 25 ഏക്കറിന് 12.5 ലക്ഷം രൂപ, 25000 ഔഷധ തൈകൾ ഉത്പാദിപ്പിക്കാൻ 3.75 ലക്ഷം രൂപ, സർക്കാർ സ്ഥാപനങ്ങളിൽ ഔഷധ തോട്ടങ്ങൾ ഉണ്ടാക്കാൻ രണ്ടര ഏക്കറിന് 50000 രൂപ എന്നിങ്ങനെ 16.75 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. തുടക്കത്തിൽ കടന്നപ്പള്ളി പണപ്പുഴ പഞ്ചായത്തിൽ 10 ഏക്കറിലും, കണ്ണപുരം, ഏഴോം പഞ്ചായത്തുകളിൽ 7.5 ഏക്കർ വീതവും ഔഷധസസ്യ കൃഷി ആരംഭിക്കും. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും.

പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ശിൽപശാലകൾ നടത്തും. നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നതോടൊപ്പം കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റി രൂപീകരിക്കും. കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാന്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കർഷകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ ജനപ്രതിനിധികളെയും കാർഷിക മേഖലയിലെ വിദഗ്ധരെയും ഉൾക്കൊള്ളിച്ച് ശിൽപശാല നടത്തിയിരുന്നു.കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാലയിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി .ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ .പി പ്രശാന്ത് ക്ലാസെടുത്തു.

കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇ കെ അജിമോൾ പദ്ധതി വിശദീകരിച്ചു. ബി .എൽ . കെ .സി നോഡൽ ഓഫീസർ, ഡോ പി .കെ രതീഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ. .സുരേന്ദ്രൻ , കല്യാശ്ശേരി അസിസ്റ്റന്റ് കൃഷി ഓഫീസർ ബി .സുഷ, കൃഷി ഓഫീസർ നിഷ ജോസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!