കേരളം പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനം ; പ്രഖ്യാപനം ഇന്ന്‌

Share our post

തിരുവനന്തപുരം: ബാങ്കിങ് ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സംവിധാനമൊരുക്കിയ ആദ്യസംസ്ഥാനമായി കേരളം. ബാങ്കിങ് ഇടപാട്‌ പരമാവധി ഡിജിറ്റൽ ആക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട്‌ നടപ്പാക്കിയ ദൗത്യമാണ്‌ പൂർണ വിജയമായത്‌. ശനി രാവിലെ ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ ഡിജിറ്റൽ ബാങ്കിങ്‌ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി വഴി 3.6 കോടി സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്‌ കൊണ്ടുവന്നു. ഇതിൽ 1.75 കോടി അക്കൗണ്ടുകളും വനിതകളുടേതാണ്‌. 7.18 ലക്ഷം കറണ്ട്‌/ബിസിനസ്‌ അക്കൗണ്ടുകൾക്കും ഡിജിറ്റൽ പണമിടപാട്‌ സൗകര്യമൊരുക്കി.

പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയ തൃശൂരിനെ 2021 ആഗസ്‌തിൽ കേരളത്തിലെ ആദ്യ പൂർണ ഡിജിറ്റൽ ബാങ്കിങ്‌ ജില്ലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി 24ന് കോട്ടയത്ത്‌ രണ്ടാം ഘട്ടവും പൂർത്തിയായി. ഇതിലൂടെ രണ്ടുഘട്ടവും വിജയകരമാക്കിയ ആദ്യസംസ്ഥാനമായി കേരളം. തുടർന്നാണ്‌ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്‌.

ജനപ്രതിനിധികൾ, ജില്ലാ ഭരണസംവിധാനങ്ങൾ, ബാങ്കുകൾ, സർക്കാർ ഏജൻസികൾ, വിവിധ സർക്കാരിത സന്നദ്ധ സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ചാണ്‌ പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്‌. സുരക്ഷിതമായും വേഗത്തിലും സൗകര്യപ്രദമായി ഡിജിറ്റലായി പണം സ്വീകരിക്കാനും അയക്കാനും വ്യക്തികളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.

സർക്കാർ ഓഫീസുകൾ, കുടുംബശ്രീ, വ്യവസായ സംഘടനകൾ, ഓട്ടോ–-ടാക്‌സി തൊഴിലാളികൾ തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കി. മുതിർന്ന പൗരന്മാർ, ആദിവാസി ഗോത്രവിഭാഗങ്ങൾ, ചെറുകിട സംരംഭകർ എന്നിവരിലും അവബോധം എത്തിച്ചു. മലയാളം, ഇരുള, തമിഴ് ഭാഷകളിൽ ഹ്രസ്വ ചിത്രങ്ങൾ, ലഘുലേഖകൾ, തെരുവുനാടകങ്ങൾ തുടങ്ങിയവ പ്രചാരണത്തിന്‌ ഉപയോഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!