കണ്ണൂർ അർബൻ നിധി കോടികളുടെ നിക്ഷേപത്തട്ടിപ്പ് ; രണ്ട് ഡയറക്ടര്‍മാര്‍ അറസ്‌റ്റിൽ

കണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധിയുടെ രണ്ട് ഡയറക്ടർമാരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കുന്നത്ത് പെരടിയിൽ ഹൗസിൽ ഗഫൂർ (43), തൃശൂർ വാടാനപ്പള്ളിയിലെ മേലെപ്പാട്ട് വളപ്പിൽ ഹൗസിൽ ഷൗക്കത്ത് അലി എന്നിവരെയാണ് ഇൻസ്പെക്ടർ പി. എ ബിനുമോഹൻ അറസ്റ്റുചെയ്തത്. സ്ഥാപനത്തിൽ 59 ലക്ഷം രൂപ നിക്ഷേപിച്ച തലശേരിയിലെ ഡോ. ദീപക് കല്യാട്ടിന്റെ പരാതിയിലാണ് അറസ്റ്റ്.
പ്രതികളെ കോടതി റിമാൻഡുചെയ്തു. നിക്ഷേപകരുടെ പരാതിയിൽ കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടർ ആന്റണി, അസിസ്റ്റന്റ് ജനറൽ മാനേജർ സിറ്റി വട്ടക്കുളത്തെ കണ്ണോളി ഹൗസിൽ സി വി ജീന എന്നിവരുൾപ്പെടെ ഡയറക്ടർമാരും ജീവനക്കാരുമായ ഒമ്പത് പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സ്ഥാപനത്തിനെതിരെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ 143 പരാതിയാണ് ലഭിച്ചത്. അഞ്ചു കോടിയോളം രൂപ നിക്ഷേപമായി സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്. ഒരു കോടിയോളം രൂപവരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായവരിൽപ്പെടുന്നു.
പ്രവാസിയുടെ ആധാരം തട്ടിയെടുത്ത് സഹകരണ ബാങ്കിൽ പണയംവച്ച് രണ്ടു കോടി രൂപ കൈക്കലാക്കിയ കേസിൽ ഷൗക്കത്ത് അലി നേരത്തെ പിടിയിലായിരുന്നു. സ്ഥലവില കൂട്ടിക്കാണിച്ച് എസ്ബിഐയിൽനിന്ന് കൂടുതൽ വായ്പയെടുക്കാൻ ഗൂഢാലോചന നടത്തിയ കേസിലും ഇയാളെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഗഫൂർ നിരവധി ചെക്ക് കേസുകളിലും പ്രതിയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും സ്ഥാപനത്തിൽ വലിയ തുക നിക്ഷേപിച്ചവരുടെ സാമ്പത്തിക സ്രോതസുൾപ്പെടെ പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അജിത്‌കുമാർ പറഞ്ഞു.
12 ശതമാനം പലിശ വാഗ്‌ദാനം ചെയ്‌താണ് കണ്ണൂർ അർബൻ നിധിയിൽ നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപകരെ കണ്ടെത്തിയാൽ സ്ഥാപനത്തിൽ ജോലിയും വാഗ്‌ദാനംചെയ്‌തു. ജോലി സ്വീകരിക്കുന്നവരിൽനിന്ന് വൻതുക നിക്ഷേപമായി വാങ്ങിയിരുന്നു. കലക്ഷൻ ഏജന്റുമാരെയും നിയമിച്ചിരുന്നു. പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ ദിവസേന നിക്ഷേപിച്ചവരുടെ എണ്ണംകൂടിയാകുമ്പോൾ തട്ടിപ്പിനിരയായവർ അഞ്ഞൂറിലേറെയാകുമെന്നാണ് സൂചന. നിരവധി ഓട്ടോഡ്രൈവർമാരും തട്ടിപ്പിനിരയായി.