ബഫർ സോൺ:കൃത്യതയുള്ള മാപ്പ് കിഫ പുറത്തു വിടുന്നു

ഡിസംബർ 12ന് സർക്കാർ പുറത്തുവിട്ട ഒരു കിലോമീറ്റർ ബഫർ സോൺ മാപ്പിന്റെ KML( Keyhole Markup Language) ഫയലുകൾ പുറത്തുവിടണമെന്ന് തുടക്കം മുതൽ കിഫ ആവശ്യപ്പെടുന്നതാണ്. KML ഫയലുകൾ ലഭ്യമായാൽ ആ ഡാറ്റ, ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് കൃത്യമായി സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അതിർത്തികൾ മാർക്ക് ചെയ്യാവുന്നതും, മൊബൈൽ ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ തന്നെ ആളുകൾക്ക് സ്വയം പരിശോധിച്ച് സ്വന്തം സ്ഥലം ഇതിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ ഇന്നുവരെ പ്രസ്തുത KML ഫയലുകൾ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല.
എന്നാൽ മലബാർ വന്യജീവി സങ്കേതത്തിന്റെ KML ഫയലുകൾ കിഫക്കു ലഭിക്കുകയും അതുപയോഗിച്ചുകൊണ്ട് കിഫ ഗൂഗിൾ മാപ്പിൽ മാർക്ക് ചെയ്തിരിക്കുന്ന മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർസോൺ അതിർത്തി ( 1 കിലോമീറ്റർ) ഇതോടൊപ്പം ഉള്ള മാപ്പിൽ മാർക്ക് ചെയ്ത് പുറത്തുവിടുന്നു.
നീല വര വന്യജീവി സങ്കേതത്തിന്റെ അതിർത്തിയും, ഓറഞ്ച് വര ബഫർ സോൺ അതിർത്തിയുമാണ്. മാപ്പിൽ സൂം ചെയ്തുകൊണ്ട് ആർക്കും ബഫർ സോൺ അതിർത്തികൾ പരിശോധിക്കാവുന്നതാണ്.
ഇത്ര ലളിതമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ബഫർ സോൺ അതിർത്തികൾ പുറത്തു വിടാം എന്നിരിക്കെ, ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും, ആളുകൾക്ക് ഇതൊരിക്കലും മനസ്സിലാവരുത് എന്ന ദുരുദ്ദേശത്തോട് കൂടി മനുഷ്യനു മനസ്സിലാവാത്ത മാപ്പുകൾ പുറത്തു വിടുന്നത് സർക്കാർ അവസാനിപ്പിക്കുകയും, KML ഫയൽ അപ്‌ലോഡ് ചെയ്ത ഇത്തരം മാപ്പുകൾ മറ്റെല്ലാ സങ്കതങ്ങളുടെയും അതിർത്തികളും ബഫർ സോണും മാർക്ക് ചെയ്തു കൊണ്ട് അടിയന്തിരമായി പുറത്തു വിടണമെന്ന് കിഫ ആവശ്യപ്പെടുന്നു.