പരസ്യം ബസിന്റെ പിന്നിലായാല്‍ കുഴപ്പമുണ്ടോ? കെ.എസ്.ആര്‍.ടി.സി.യോട് സുപ്രീംകോടതി

Share our post

ചട്ടം ലംഘിക്കാത്തതും മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ പതിക്കുന്നതുസംബന്ധിച്ച് പദ്ധതി സമര്‍പ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി.യോട് സുപ്രീംകോടതി. ബസുകളുടെ വശങ്ങളില്‍ പരസ്യംപതിക്കുന്നത് ജനശ്രദ്ധതിരിയാന്‍ കാരണമാകുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍, പിന്‍ഭാഗത്ത് പതിച്ചുകൂടേയെന്നും സുപ്രീംകോടതി ചോദിച്ചു.

പരസ്യം പതിക്കുന്നതിനെതിരായ കേരളഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കാത്തവിധം പരസ്യം പതിക്കുന്നതുസംബന്ധിച്ച് പദ്ധതി സമര്‍പ്പിച്ചുകൂടേയെന്ന് സുപ്രീംകോടതി ചോദിച്ചു. പദ്ധതിനിര്‍ദേശം പരിശോധിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്നും വ്യക്തമാക്കിയ ബെഞ്ച്, കേസ് ജനുവരി ഒമ്പതിലേക്കുമാറ്റി.

ഒമ്പതിനായിരം കോടിരൂപയുടെ കടമുള്ളപ്പോഴും പൊതുസേവനം നടത്തുന്ന കോര്‍പ്പറേഷന് പ്രതിമാസം ഒന്നരക്കോടിയുടെ പരസ്യവരുമാനമാണ് ഹൈക്കോടതി ഉത്തരവുകാരണം നഷ്ടമാവുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഹര്‍ജിയില്‍ പറയുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നും അഡ്വ. ദീപക് പ്രകാശ് വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി സ്വമേധയാ കേസെടുത്താണ് പരസ്യംപാടില്ലെന്ന ഉത്തരവിറക്കിയത്.

എന്നാല്‍, സ്വമേധയാ കേസെടുക്കുന്നതിനുമുന്‍പ് ഇത് ചീഫ് ജസ്റ്റിസിന് മുന്നില്‍ വെച്ചിട്ടില്ല. അതിനാല്‍ നടപടിക്രമം പാലിച്ചില്ല. ശബരിമല സര്‍വീസിന് അനുമതിയുള്ളത് കെ.എസ്.ആര്‍.ടി.സി.ക്കുമാത്രമാണ്. പ്രതിദിനം ഒരുലക്ഷംവരെ തീര്‍ഥാടകരെത്തുന്ന ശബരിമലയിലെ സര്‍വീസിനായി 500 ബസുകള്‍ മാറ്റിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ശബരിമലസര്‍വീസുകളെയും ബാധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!