കുഫോസ് വി.സി നിയമന കേസ്: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ്; ജനുവരി 13-ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.
ഹൈക്കോടതി വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണ്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതി നേരത്തെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഈ ഹര്‍ജി ജനുവരി പതിമൂന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കണമെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. കെ. കെ. വേണുഗോപാലിന് പുറമെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.
യോഗ്യത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ നോട്ടീസ് ഇല്ല
കുഫോസ് വൈസ് ചാന്‍സലറായി നിയമനം ലഭിക്കുന്നതിനുള്ള യോഗ്യത ഡോ. കെ. റിജി ജോണിന് ഉണ്ടെന്ന് കേരള ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയിലെ ഈ ഭാഗം ചോദ്യംചെയ്ത് കുസാറ്റിലെ മുന്‍ പ്രൊഫസര്‍ ജി. സദാശിവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കരുതെന്ന് റിജി ജോണിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്ത വ്യക്തിയാണ് ഹര്‍ജിക്കാരെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കരുതെന്നും മുന്‍ വിസിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജും ആനി മാത്യുവും ആവശ്യപ്പെട്ടു.
എന്നാല്‍, കെ. റിജി ജോണിന് എതിരെ ഹൈക്കോടതിയിലെ ഹര്‍ജിക്കാര്‍ തങ്ങള്‍ ആയിരുന്നുവെന്ന് ജി. സദാശിവന്‍ നായര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. പി. കൈലാസ്‌നാഥ പിള്ള വാദിച്ചു. തുടര്‍ന്നാണ് മറ്റ് ഹര്‍ജികള്‍ക്ക് ഒപ്പം ഈ ഹര്‍ജിയും ജനുവരി പതിമൂന്നിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ നോട്ടീസ് അയച്ചിട്ടില്ല.