കൂടുതൽ വോട്ടർമാർ മലപ്പുറത്ത്‌, കുറവ്‌ വയനാട്ടിൽ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Share our post

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 (2.67 കോടി) വോട്ടർമാരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

09.11.2022 ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ വോട്ടർ‌മാരുടെ എണ്ണം 2,71,62,290 ആയിരുന്നു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 09.11.2022 മുതൽ 18.12.2022 വരെയുള്ള സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ കാലയളവിൽ നടന്ന വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ മരണപ്പെട്ടതും (3,60,161) , താമസം മാറിയതും (1,97,497) ഉൾപ്പെടെ 5,65,334 വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ നിർദേശ പ്രകാരം ജില്ലകൾതോറും വോട്ടർ പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. അഞ്ച് ലക്ഷത്തിലധികം വോട്ടർമാർ പട്ടികയിൽ നിന്ന് നീക്കപ്പെട്ടത് വോട്ടർ പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ കാലയളവിൽ ബൂത്ത് ലെവൽ ഓഫീസർമാർ നിരന്തരം വീടുകൾ സന്ദർശിച്ചാണ് മരണപ്പെട്ടവരുടേത് ഉൾപ്പെടെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ചത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്‌മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും.

അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.ഫലപ്രദമായ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ അപേക്ഷകരുടെ വർധന. വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 1,78,068 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. 80 വയസിന് മുകളിൽ പ്രായമുള്ള ആകെ വോട്ടർമാർ – 6,51,678 (സ്ത്രീ- 4,00,391 പുരുഷൻ- 2,51,284 TG-3).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!