വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്

അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ് (30) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തോട്ടപ്പള്ളിയിൽ ട്രാവൻകൂർ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതി.
ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് പ്രതി ജീവനക്കാരെക്കൊണ്ട് ആളുകളെ വിളിപ്പിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും മെഡിക്കൽ എടുക്കാൻ രേഖകളുമായി വരാൻ ആവശ്യപ്പെടുകയാണ് ചെയ്യാറ്. തുടർന്ന് അപേക്ഷകരിൽനിന്ന് 6000 രൂപ വീതം ഈടാക്കും.
മലപ്പുറം വെണ്ടല്ലൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ. ഗിരീഷ് കുമാർ, സി.പിമാരായ ബിബിൻ ദാസ്, ജോസഫ് ജോയ് എന്നിവർ ഉണ്ടായിരുന്നു.
ജയിലിന് മുന്നിൽനിന്ന് രക്ഷപ്പെട്ട കാപ്പ പ്രതിയെ പിടികൂടി
മാവേലിക്കര: പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കാപ്പ പ്രതിയെ രാത്രി പത്തരയോടെ പൊലീസ് പിടികൂടി. കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഭരണിക്കാവ് തെക്ക് മനീഷ് ഭവനത്തിൽ മനീഷ് (കാണി -19) ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടിന് മാവേലിക്കര സ്പെഷൽ സബ്ജയിലിന് മുന്നിലാണ് സംഭവം.
ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് മനീഷിനെ വിലക്കി നവംബർ 19ന് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ്കുമാർ ഗുപ്ത ഉത്തരവിട്ടിരുന്നു. എന്നാൽ, ഡിസംബർ 12ന് ഭരണിക്കാവിൽ കണ്ട പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിൽ കഴിയവേ 28ന് ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ച് വീടിന് സമീപത്തെത്തിയതിനെത്തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്തു.
റിമാൻഡിലായ മനീഷിനെ സി.പി.ഒമാരായ സതീഷും അനീഷും ചേർന്ന് രാത്രി ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി കടന്നത്. ജയിലിന്റെ വാതിൽ തുറക്കുന്നത് കാത്തുനിൽക്കവേ സിവിൽ പൊലീസുകാരെ തള്ളിയിട്ടശേഷം ജയിലിനുപുറത്ത് തെക്കുഭാഗത്തെ കാടുപിടിച്ച സ്ഥലത്തേക്ക് ഓടിമറയുകയായിരുന്നു. ഇവിടെ ഒളിച്ചിരുന്ന പ്രതി ഷർട്ട് ഊരിവെച്ച് സൈക്കിളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പിടിയിലായത്.