ഉറക്കമില്ലായ്മയ്ക്കുള്ള മരുന്ന് കുറിച്ചു, നല്‍കിയത് അര്‍ബുദത്തിനുള്ളത്; മരുന്ന് മാറി നല്‍കി, മരണം

Share our post

തൃശ്ശൂർ: ചേർപ്പിനടുത്തുള്ള ചിറയ്ക്കലിൽ പലചരക്കുകട നടത്തുകയായിരുന്നു താന്ന്യംപള്ളിപ്പറമ്പിൽ സുലൈമാനെന്ന 66-കാരൻ. രണ്ടുവർഷംമുൻപാണ് പക്ഷാഘാതമുണ്ടായത്. കൃത്യമായ ചികിത്സയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാമെന്ന സ്ഥിതിവന്നത് അടുത്തിടെമാത്രം. ശരീരസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉറക്കം തീരെ കുറയുന്നെന്ന ആവലാതിയുമായി ഡോക്ടറെ സമീപിച്ചത് കഴിഞ്ഞയാഴ്ച. മാനസികസമ്മർദം ലഘൂകരിച്ച് ഉറക്കം വരാനുള്ള ഗുളിക കുറിച്ചുകൊടുത്തു.

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്നുകിട്ടുന്ന ജനൗഷധിയിൽനിന്നാണ് ഇദ്ദേഹത്തിനായി ഏറെക്കാലമായി മരുന്നുകൾ വാങ്ങിയിരുന്നത്. മറ്റുമരുന്നുകൾക്കൊപ്പം പുതിയതും സുലൈമാൻ കഴിച്ചുതുടങ്ങി.

അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോഴേക്കും വായിലെ തൊലിപൊട്ടി വ്രണമായി. കരളിനും കുഴപ്പമുണ്ടെന്നുകണ്ട് എറണാകുളത്തെ ആശുപത്രിയിലേക്ക് ചികിത്സമാറ്റി. ഇവിടെവെച്ചാണ് മരിച്ചത്. അവിടെ ചികിത്സിച്ച ഡോക്ടർ മരുന്നുമാറിയതാണ് കാരണമെന്നു കണ്ടെത്തി. കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്. മരുന്നു മാറിനൽകിയെന്ന കാര്യം മെഡിക്കൽ സ്‌റ്റോർ അധികൃതർ സമ്മതിച്ചിട്ടുമുണ്ട്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നാകും അനന്തരനടപടി.

ചോദിച്ചതും കിട്ടിയതും

മാനസികസമ്മർദം കുറച്ച് ഉറക്കമില്ലായ്മ പരിഹരിക്കുന്ന മിർട്ടാസപീൻ 7.5 എം.ജി. ഗുളികയാണ് ഡോക്ടർ കുറിച്ചത്. ഇത് അർബുദരോഗികൾക്കും മറ്റും വിശപ്പുണ്ടാക്കാനും ശുപാർശചെയ്യാറുണ്ട്. ദിവസം ഒരെണ്ണം കഴിച്ചെന്നുകരുതി വലിയ പ്രശ്നമുണ്ടാകാൻ സാധ്യതയില്ല. മീത്തോട്രക്‌സേറ്റ് 7.5 എം.ജി. ഗുളികയാണ് കടയിൽ മാറിനൽകിയത്.

ഏറെക്കാലമായി ചിലതരം അർബുദത്തിന് ഉപയോഗിക്കുന്ന മരുന്നാണിത്. റുമറ്റോയിഡ് ആർത്രൈറ്റിസിനും ഇത് ശുപാർശചെയ്യപ്പെടാറുണ്ട്. ഏതുരോഗത്തിനായാലും ആഴ്ചയിലൊരിക്കൽ എന്നതാണിതിന്റെ അളവ്. ഈ മരുന്ന് ദിവസത്തിലൊന്ന് കഴിച്ചാൽ ആരും ഗുരുതര കുഴപ്പത്തിലാകുമെന്ന് അർബുദരോഗചികിത്സകനും ഗവേഷകനുമായ ഡോ. അജു മാത്യു പറയുന്നു.

പ്രതിരോധശേഷിയും രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണവും ഇത് വല്ലാതെ കുറയ്ക്കും. ആന്തരികാവയവയങ്ങൾക്ക് ക്ഷതമേൽപ്പിക്കുകയും ചെയ്യാം.

പോംവഴിയെന്ത്…

വ്യക്തമായ കുറിപ്പടികൾ വാങ്ങുക. മരുന്നുകൾ വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതാൻ ഡോക്ടർമാരെ പ്രേരിപ്പിക്കുക.

ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മരുന്നുകൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ പ്രത്യേകസ്ഥലം അനുവദിക്കുക.

ഇത്തരം മരുന്നുകൾ രോഗിക്ക് കൈമാറുന്നതിനുമുൻപ് ഒരിക്കൽക്കൂടി ഉറപ്പാക്കുക. സംശയങ്ങൾ ഡോക്ടറെ ബന്ധപ്പെട്ട് പരിഹരിക്കാനും മടിക്കരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!