കലോത്സവ വേദിയിലേയ്ക്ക് വഴികാട്ടാന്‍ ‘കേരള പോലീസ് അസിസ്റ്റന്റ്’; സംഗതി സിംപിളാണ്, ഉപകാരപ്രദവും

കേരള സ്‌കൂള്‍ കലോത്സവം 2023-ല്‍ ജനങ്ങളെ കൃത്യമായ വേദികളിലേയ്ക്ക് എത്തിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലും കോഴിക്കോട് സൈബര്‍ഡോമും ചേര്‍ന്നു വികസിപ്പിച്ച ‘കേരള പോലീസ് അസിസ്റ്റന്റ്’ എന്ന ചാറ്റ് ബോട്ട് സര്‍വീസാണ് ശ്രദ്ധ നേടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും കോഴിക്കോട് എത്തിച്ചേരുന്നവര്‍ക്ക് മത്സരങ്ങള്‍ നടക്കുന്ന വേദിയിലേക്ക് വളരെ എളുപ്പത്തില്‍ വഴി തെറ്റാതെ എത്താന്‍ ‘കേരള പോലീസ് അസിസ്റ്റന്റ്’ സഹായിക്കും.
‘കേരള പോലീസ് അസിസ്റ്റന്റ്’ എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റില്‍ tap ചെയ്ത് ആദ്യം ‘Talk to Kerala Police’ എന്നും, പിന്നീട് ‘ Youth Festival ‘ എന്നും പറയുക. നമ്പര്‍ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ പേരോട് കൂടി വേദികള്‍, ഫുഡ് കോര്‍ട്ട്, ഫുഡ് കോര്‍ട്ട് പാര്‍ക്കിംഗ്, രജിസ്‌ട്രേഷന്‍ കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റ് ഫോണില്‍ ദൃശ്യമാകും.
നിങ്ങള്‍ക്ക് പോവേണ്ട വേദി ഏതാണോ ആ പേരിനു നേരെ ക്ലിക്ക് ചെയ്യുമ്പോള്‍ മറ്റൊരു മാപ് വിന്‍ഡോ ഫോണില്‍ ഓപ്പണ്‍ ആവുകയും അതില്‍ നമ്മുടെ വേദി എവിടെയാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു.
കൂടാതെ ‘ Find nearest stage ‘ ല്‍ tap ചെയ്യുമ്പോള്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള വേദി ലഭിക്കുന്നു. ലൈവ് മാപ് ആയതുകൊണ്ട് നമ്മള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് വേദി ഉള്ളത് എന്നും നമുക്ക് ഏത് വഴി ഗതാഗത തടസമില്ലാതെ വളരെ എളുപ്പത്തില്‍ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചു തരികയും ചെയ്യുന്നു.
‘കേരള പോലീസ് അസിസ്റ്റന്റ്’ എന്ന ചാറ്റ്‌ബോട്ട് സര്‍വീസ് നേരത്തെ തന്നെ നിലവിലുണ്ട്. കേരള പോലീസിന്റെ പല സേവനങ്ങളിലും ജനങ്ങള്‍ക്ക് ഇതിലൂടെ ലഭ്യമാണ്. കലോത്സവം പ്രമാണിച്ച് ഇവിടെയെത്തുന്ന ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ഈ ചാറ്റ് ബോട്ട് സര്‍വീസീനെ കോഴിക്കോട് സിറ്റി സൈബര്‍ സെല്ലും കോഴിക്കോട് സൈബര്‍ഡോമും ചേര്‍ന്ന് മോഡിഫൈ ചെയ്തു. കലോത്സവ വേദികള്‍ മനസിലാക്കാന്‍ കേരള പോലീസിന്റെ ക്യൂആര്‍ കോഡ് സേവനവും ലഭ്യമാണ് ‘- കോഴിക്കോട് സൈബര്‍ഡോം ടീം