ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

Share our post

കുട്ടനാട്: ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു.

ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവല്‍ ശ്രദ്ധ നേടിയിരുന്നു.

1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ സനിതാ പ്രസാദ്.

ഇരുവട്ടം മണവാട്ടി, സര്‍ക്കാര്‍ ദാദ, ബംഗ്ലാവില്‍ ഔദ, ലങ്ക, ഒരാള്‍, ജയം, സീത കല്യാണം, കള്ളന്റെ മകന്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 2018 ല്‍ റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം തട്ടിന്‍ പുറത്ത് അച്യുതന് വേണ്ടിയാണ് ഒടുവില്‍ ഗാനരചന ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!