‘രാത്രി എന്താണ് പരിപാടി’; കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാരെ തടഞ്ഞു, സദാചാര ഗുണ്ടായിസം

Share our post

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടായിസം. വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നത്. തിങ്കളാഴ്ച രാത്രി പത്തരയോടെ വാളകം സി.ടി.സി കവലയ്ക്കു സമീപമുള്ള കുന്നയ്ക്കാല്‍ റോഡിലായിരുന്നു സംഭവം.

രണ്ടംഗസംഘം ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും കാറിന്റെ റിയര്‍ വ്യൂ മിററും ബംപറും നമ്പര്‍ പ്ലേറ്റും അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് കാറില്‍പുറത്തേക്കിറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ സ്‌കൂട്ടറുമായി എതിരെ വന്നയാള്‍ കാറിനുള്ളിലേക്കു രൂക്ഷമായി നോക്കിയ ശേഷം കടന്നു പോവുകയും അല്‍പസമയത്തിനുശേഷം മറ്റൊരാളുമായി തിരികെ എത്തി തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.

രാത്രി എവിടേക്ക് പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ച് അസഭ്യം പറയുകയും അര മണിക്കൂറോളം റോഡില്‍ തടഞ്ഞുവെക്കുകയും ചെയ്‌തെന്നാണ് ഡെനിറ്റിന്റെ പരാതി. വാഹനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെട്ട് കാറില്‍ വടികൊണ്ട് അടിക്കുകയും കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇവര്‍ കൂടുതല്‍ അക്രമാസക്തരാവുകയും കുഞ്ഞ് നിര്‍ത്താതെ കരയുകയും ചെയ്തതോടെ റിനി പോലീസിനെ വിളിക്കുകയായിരുന്നു. ഇതോടെ സംഘം സ്ഥലംവിട്ടു. തുടര്‍ന്ന് ഡെനിറ്റും റിനിയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ദമ്പതിമാരെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ അറസ്റ്റുചെയ്യുമെന്നും പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!